
'എന്റെ കണ്ണ് തള്ളിപ്പോയി' എന്ന പ്രയോഗം ഉപയോഗിക്കാത്ത മലയാളികൾ കാണില്ല എന്ന് തന്നെ പറയാം. തമാശയായോ അല്ലെങ്കിൽ ഒരു സാഹചര്യത്തിനെ പൊലിപ്പിച്ച് പറയുന്നതിനോ ആയിരിക്കും ഈയൊരു അതിശയോക്തി കലർന്ന പദപ്രയോഗം പലരും ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ കണ്ണുകൾ തള്ളി പുറത്ത് വന്നു എന്ന് അക്ഷരാർഥത്തിൽ ഉദ്ദേശിച്ച് കൊണ്ട് ആരും തന്നെ ഇത്തരത്തിലൊരു പദപ്രയോഗം നടത്താറില്ലെന്ന് സാരം. എന്നാൽ അങ്ങനെയൊരു സാദ്ധ്യത പൂർണമായും തള്ളിക്കളയാൻ വരട്ടെ. കാരണം ബ്രസീൽ സ്വദേശിയായ 'സിഡ്നി ഡെ കാര്‍വല്‍ഹോ മെസ്ക്വിറ്റ' കണ്ണ് തള്ളി എന്ന് സ്വയം പറഞ്ഞാൽ പലരും ഉദ്ദേശിക്കുന്ന അർഥം മാത്രമായിരിക്കില്ല അതിന് പിന്നിലുള്ലത്.
യഥാർഥ ജീവിതത്തിൽ തന്റെ കണ്ണുകൾ ഏറ്റവും കൂടുതൽ പുറത്തേയ്ക്ക് തള്ളിക്കൊണ്ട് അതിന് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമായുള്ളയാണ് 'ടിയോ ചികോ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മെസ്ക്വിറ്റ. കണ്‍കുഴിയില്‍നിന്ന് നേത്രഗോളം 18.2 മില്ലിമീറ്റര്‍ (0.71 ഇഞ്ച്) പുറത്തേക്ക് തള്ളിയാണ് മെസ്ക്വിറ്റ
കണ്ണ് ഏറ്റവും കൂടുതൽ പുറത്തേക്ക് തള്ളിച്ച പുരുഷൻ എന്ന റെക്കോര്‍ഡിന് അർഹനായത്. തന്റെ ഒൻപതാം വയസ്സ് മുതലാണ് കണ്ണുകൾ സാധാരണയിൽ കൂടുതലായി പുറത്തേയ്ക്ക് തള്ളാമെന്ന് മെസ്ക്വിറ്റ തിരിച്ചറിയുന്നത്. കണ്ണുകൾ അസാധാരണമായി പുറത്തേയ്ക്ക് തള്ളാവുന്ന 'ഗ്ലോബ് ല്യുക്സേഷന്‍' എന്ന അവസ്ഥയുള്ള ആളാണ് മെസ്ക്വിറ്റ. എന്തായാലും അക്ഷരാർഥത്തിൽ തന്റെ കണ്ണുകൾ പുറത്തേയ്ക്ക് തള്ളിക്കൊണ്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിനെ മാത്രമല്ല ലോകമെമ്പാടുമുള്ളവരെ തന്നെ അതിശയിപ്പിച്ചിരിക്കുകയാണ് ഈ ബ്രസീലുകാരൻ.