
ഷാർജ: ഭിക്ഷാടകർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഷാർജയിൽ ഇത് വരെ പിടികൂടിയത് ആയിരത്തിലധികം യാചകരെ. പ്രവാസികളടക്കം 1,111 യാചകരാണ് ഈ വർഷം തുടക്കം മുതൽ പിടിയിലായതെന്ന് അധികൃതർ അറിയിച്ചു. വിസിറ്റ് വിസയിൽ രാജ്യത്തെത്തിയവരാണ് പിടിയിലായവരിൽ അധികവും. ചികിത്സയ്ക്കും ഭക്ഷണത്തിനുമായുള്ല പണമാണ് ഇവർ കൂടുതലായി ആവശ്യപ്പെടുക എന്ന് പൊലീസ് അറിയിച്ചു.
പൊലീസ് പിടിയിലായ യാചകരിൽ 875 പുരുഷന്മാരും 236 സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. 2020-21 കാലഘട്ടത്തിൽ 1049 യാചകരെ പിടികൂടിയിരുന്നു ഇവരിൽ നിന്നും ഒരു കോടിയേലേറെ ഇന്ത്യൻ രൂപയ്ക്ക് തുല്യമായ 500,000 ദിർഹവും അധികൃതർ കണ്ടെടുത്തു. 80040,901 എന്നീ നമ്പരുകളിലേയ്ക്ക് ഷാർജാ പൊലീസിനെ നേരിട്ട് വിളിച്ച് വിവരമറിയിച്ചും കൂടാതെ പട്രോൾ സംഘങ്ങളുടെ ഫീൽഡ് ക്യാംപെയിനിലൂടെയുമാണ് യാചകർ പിടിയിലായത്. പൊതുജനങ്ങൾ യാതൊരു കാരണവശാലും യാചകർക്ക് പണം നൽകരുതെന്നും ഇത്തരം സംഭവങ്ങൾ ഉടനടി ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. ഭിക്ഷാടകർക്കെതിരായുള്ള ക്യാംപയിൻ വരും ദിവസങ്ങളിലും തുടരും.