
പെരിന്തൽമണ്ണ: മോഷ്ടിച്ച ബൈക്കുമായി കറങ്ങി പലയിടത്തായി മോഷണം നടത്തുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ ചേർത്തല പള്ളിപ്പുറംകര ചേന്നത്തെ അമ്പനാട്ട് വീട്ടിൽ മഹേഷ് (46), എറണാകുളം ആലുവ അശോകപുരം കുറിയിക്കാട് ചൂളപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് യാസീൻ (27) എന്നിവരാണ് അറസ്റ്റിലായത്.
പെരിന്തൽമണ്ണ കെ.എം. കോംപ്ലക്സിൽ നിറുത്തിയിട്ട ബൈക്ക് കാണാതായെന്ന ബൈക്കുടമയുടെ പരാതിയിലായിരുന്നു അന്വേഷണം. സമാന രീതിയിൽ കളവ് നടത്തുന്ന മുൻ കുറ്റവാളികളെ കുറിച്ചു അന്വേഷണം നടത്തിയതിലും സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലും പ്രതികളെ കുറിച്ചു വ്യക്തമായ സൂചന ലഭിച്ചു. എറണാകുളത്ത് നിന്നാണ്എസ്.ഐ എ.എം യാസിറും സംഘവും പ്രതികളെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച ബൈക്കിൽ യാത്ര ചെയ്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പ്രതികൾ മൊഴി നൽകി.
പിടിയിലായ മഹേഷിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 40 ഓളം കേസുകൾ ഉണ്ട്. യാസിൻ റോഡിലും വീടുകളിലും ഇട്ടിരിക്കുന്ന കമ്പികൾ, പൈപ്പ് എന്നിവ മോഷ്ടിച്ച് വിൽക്കുന്നയാളാണ്. പ്രതികളെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷ്ടിച്ച ബൈക്ക് ഇവരിൽ നിന്ന് കണ്ടെടുത്തു.
എ.എസ്.ഐ വിശ്വംഭരൻ, എസ്.സി.പി.ഒ കെ.എസ് ഉല്ലാസ്, സി.പി.ഒ മാരായ മിഥുൻ, ഷജീർ, സത്താർ, സൽമാൻ എന്നിവരും ഉണ്ടായിരുന്നു.