fish

പരപ്പനങ്ങാടി: പച്ചമാന്തളിന്റെ ലഭ്യത വർദ്ധിച്ചതോടെ ഒപ്പം ഉപ്പ് ഫ്രീയായി നൽകി മത്സ്യക്കച്ചവടക്കാർ. കഴിഞ്ഞ ദിവസങ്ങളിൽ ഒരു കിലോ പച്ചമാന്തളിന് 160 രൂപയായിരുന്നെങ്കിൽ ഇന്നലെ മൂന്ന് കിലോയ്ക്ക് 100 രൂപ എന്ന നിലയ്ക്കാണ് വിറ്റത്. ഇത്രയധികം മത്സ്യം വാങ്ങിയിട്ട് എന്ത് ചെയ്യുമെന്ന ചോദ്യത്തിന് മറുപടിയായാണ് ഉപ്പ് സൗജന്യമായി നൽകുന്നത്. ഉപ്പിട്ട് ഉണക്കി സൂക്ഷിക്കാൻ വേണ്ടിയാണിത്. ഇന്നലെ കൊട്ടകണക്കിന് മാന്തളാണ് ചെട്ടിപ്പടിയിൽ വിൽപ്പനയ്ക്കെത്തിയത്. ആളുകളുടെ ഇഷ്ടമത്സ്യങ്ങളായ അയലയും മത്തിയുമെല്ലാം യഥേഷ്ടം വില കുറച്ചു കിട്ടുമ്പോൾ മാന്തളിന് ആവശ്യക്കാരുണ്ടാകില്ലെന്നതിനാലാണ് ഈ ഓഫറെന്ന് വിൽപ്പനക്കാർ പറയുന്നു.
ഈയിടെയായി പരപ്പനങ്ങാടിയിലും പരിസര പ്രദേശത്തും നല്ല രീതിയിൽ മത്സ്യം ലഭിക്കുന്നത് വിലക്കുറവിന് കാരണമായിട്ടുണ്ട്. പരപ്പനങ്ങാടി ഒട്ടുമ്മൽ കടപ്പുറം, ചാപ്പപ്പടി, ചെട്ടിപ്പടി,​ ആലുങ്ങൽ എന്നിവിടങ്ങളിൽ നിന്ന് കടലിൽ പോവുന്നവർക്ക് യഥേഷ്ടം മത്സ്യം ലഭ്യമാവുന്നുണ്ട്. കൊവിഡിനും ട്രോളിംഗ് നിരോധത്തിനുമെല്ലാം ശേഷം മത്സ്യബന്ധനമേഖലയ്ക്ക് പൊതുവേ നല്ല കാലമാണ്.