wakf

കുടിശ്ശിക തീർക്കാൻ എട്ട് കോടി വേണം

മലപ്പുറം:വഖഫ് ബോർഡിന്റെ ക്ഷേമപെൻഷൻ അഞ്ച് കൊല്ലം മുമ്പ് 350 രൂപയിൽ നിന്ന് 1,000 രൂപയാക്കിയ സംസ്ഥാന സർക്കാർ ബഡ്‌ജറ്റിലെ ഗ്രാന്റ് കൂട്ടാത്തതിനാൽ വിവാഹത്തിനും ചികിത്സയ്‌ക്കും മറ്റും ധനസഹായം നൽകാൻ ബോർഡിന് കഴിയുന്നില്ല. അയ്യായിരത്തിലേറെ അപേക്ഷകരാണ് കാത്തിരിക്കുന്നത്. മുടങ്ങിയ ധനസഹായവും പെൻഷൻ കുടിശ്ശികയും നൽകാൻ എട്ട് കോടി രൂപയെങ്കിലും വേണം.

വഖഫിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ നിർദ്ധനരായ 60 വയസ് പിന്നിട്ട 800ഓളം ജീവനക്കാർക്കാണ് പെൻഷൻ. 2016 വരെ പെൻഷനുൾപ്പെടെ ആനുകൂല്യങ്ങൾക്കായി 1.20 കോടി രൂപയാണ് സർക്കാർ ഗ്രാന്റായി അനുവദിച്ചത്. അന്ന് പെൻഷന് പരമാവധി 35 ലക്ഷം മതിയായിരുന്നു. ശേഷിക്കുന്ന തുക നിർദ്ധന പെൺകുട്ടികളുടെ വിവാഹത്തിന് 10,000 രൂപ, കാൻസർ, ഡയാലിസിസ്, മേജർ സർജറി എന്നിവയ്ക്ക് 15,000 രൂപ എന്നിങ്ങനെ നൽകി.

പെൻഷൻ കൂട്ടിയ ശേഷം അതിനുമാത്രം വർഷം 96 ലക്ഷം രൂപ വേണം. സർക്കാർ ഗ്രാന്റ് 12 ലക്ഷം മാത്രം കൂട്ടി 1.32 കോടിയാക്കിയെങ്കിലും അതിൽ ഭൂരിഭാഗവും പെൻഷന് വേണം. മറ്റ് ധനസഹായങ്ങൾ സമയത്തിന് നൽകാനാവുന്നില്ല. പ്രതിഷേധത്തെ തുടർന്ന് ഇടയ്ക്ക് പെൻഷൻ നൽകാതെ ധനസഹായം നൽകി. ഇങ്ങനെ 10 മാസത്തെ പെൻഷൻ കുടിശികയായി.


സഹായം കാത്ത് 5,113 പേർ

വിവാഹ ധനസഹായത്തിന് 2018 ജനുവരി മുതൽ 2022 ജൂലായ് വരെ 3,423 അപേക്ഷകൾ ലഭിച്ചു. ഇതിൽ 2,813 അപേക്ഷകൾ ബോർഡിന്റെ സാങ്ഷൻ കമ്മിറ്റി പാസാക്കിയെങ്കിലും പണം നൽകിയില്ല. ഇതിന് മൂന്ന് കോടിയോളം വേണം.

2018 മാർച്ചിന് ശേഷം പാസാക്കിയ 2,300ഓളം ചികിത്സാസഹായ അപേക്ഷകൾക്ക് മൂന്നര കോടിയും വേണം. സർക്കാർ എട്ട് കോടി രൂപ അനുവദിച്ചാൽ മുഴുവൻ കുടിശികയും തീർക്കാമെന്ന് ജീവനക്കാർ പറയുന്നു.

വർഷം മൂന്ന് കോടിയോളം രൂപ കിട്ടിയാലേ ധനസഹായം നൽകാനാവൂ.


വഖഫ് ബോർഡ് അധികൃതർ