
മലപ്പുറം: ബാങ്ക് നിക്ഷേപകരെ കബളിപ്പിച്ച് 17 കോടി രൂപ തട്ടിയ കേസിൽ ഫെഡറൽ ബാങ്ക് മലപ്പുറം ബ്രാഞ്ചിലെ പ്രയോറിറ്റി റിലേഷൻഷിപ്പ് മാനേജർ പുളിയക്കോട് കടുങ്ങല്ലൂർ സ്വദേശി വേരാൽതൊടി വീട്ടിൽ ഫസലുറഹ്മാനെ (34) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.
കൂടുതൽ പലിശ വാഗ്ദാനം ചെയ്തും ബാങ്കിൽ ഇല്ലാത്ത ബിസിനസ് സ്‌കീം ഉണ്ടെന്ന് വിശ്വസിപ്പിച്ചുമായിരുന്നു തട്ടിപ്പ്. പ്രവാസികളായിരുന്നു പ്രധാന ഇരകൾ. സഹോദരന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹോദരന്റെ സ്ഥാപനമായ ടമ്മി ആൻഡ് മീയുടെയും അക്കൗണ്ടുകളിലേക്കാണ് തട്ടിപ്പ് നടത്തിയ പണം ട്രാൻസ്ഫർ ചെയ്തത്.
ബാങ്കിന്റെ ഓഡിറ്റ് വിഭാഗമാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് ഫസലുറഹ്മാനെ പുറത്താക്കി പൊലീസിൽ പരാതി നൽകി. പിന്നാലെ ഒളിവിൽ പോയിരുന്നു. ഇയാൾ രണ്ടു വർഷമായി മലപ്പുറം ബ്രാഞ്ചിൽ ജോലി ചെയ്തു വരികയായിരുന്നു.