ghgggg

മലപ്പുറം: വീട് പണി പൂർത്തിയാക്കാൻ വൈദ്യുതി കണക്‌ഷൻ കിട്ടണം. ഗൃഹപ്രവേശം നീളുന്നതല്ലാതെ വൈദ്യുതി കിട്ടുന്ന ലക്ഷണമില്ല. നാല് മാസമായി ഈ അവസ്ഥയിലാണ് ജില്ലയിൽ വൈദ്യുതി കണക്‌ഷന് അപേക്ഷിച്ചവർ. സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതിനാൽ റീഡിംഗ് മീറ്റർ വാങ്ങിക്കേണ്ടെന്ന കെ.എസ്.ഇ.ബി ബോർഡിന്റെ തീരുമാനത്തോടെ ജില്ലയിൽ എവിടെയും റീഡിംഗ് മീറ്റർ സ്റ്റോക്കില്ല. ഇതോടെ എന്ന് വൈദ്യുതി കണക്‌ഷൻ നൽകാനാവുമെന്നതിൽ കെ.എസ്.ഇ.ബി ജീവനക്കാർക്കും ഉത്തരമില്ല. വൈദ്യുതി ലൈൻ വലിച്ചും സി.ഡി അടച്ചും കാത്തിരിക്കുന്ന ഉപഭോക്താക്കൾ ധാരാളമുണ്ട്.

സ്മാർട്ട് മീറ്റർ നടപ്പാക്കുന്നത് സംബന്ധിച്ച അവ്യക്തതയും പൊതുജനങ്ങളിൽ നിന്ന് പരാതി വ്യാപകമായതും ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ജീവനക്കാരുടെ സംഘടനകൾ വൈദ്യുതി വകുപ്പ് മന്ത്രിയുടെയും ബോർഡ് ചെയർമാന്റെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയായിട്ടില്ല. റീഡിംഗ് മീറ്റർ വാങ്ങുന്നതിൽ ബോർഡ് ഡയറക്ടർമാർ എതിർപ്പ് അറിയിച്ചതായാണ് വിവരം. വൈദ്യുതി ഓഫീസുകളിൽ പുതിയ കണക്‌ഷനുള്ള നിരവധി അപേക്ഷകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നുണ്ട്. മീറ്റർ പ്രതിസന്ധിക്ക് മുമ്പ് അപേക്ഷിച്ച് നാല് ദിവസത്തിനകം വൈദ്യുതി കണക്‌ഷൻ നൽകിയിരുന്നു.

വാങ്ങുമോ റീഡിംഗ് മീറ്റർ

സ്വകാര്യ കമ്പനികളിൽ നിന്ന് ടെൻഡർ മുഖേന 500- 550 രൂപയ്ക്കാണ് കെ.എസ്.ഇ.ബി റീഡിംഗ് മീറ്ററുകൾ വാങ്ങിയിരുന്നത്. മീറ്ററിന് മാസവാടകയായി ഉപഭോക്താവിൽ നിന്ന് ആറ് രൂപയാണ് ഈടാക്കിയിരുന്നത്. വൈദ്യുതി കണക്‌ഷൻ വേണ്ടവരോട് സ്വകാര്യ കമ്പനികളിൽ നിന്ന് നേരിട്ട് റീഡിംഗ് മീറ്റർ വാങ്ങാനാണ് ഇപ്പോൾ കെ.എസ്.ഇ.ബിയുടെ നിർദ്ദേശം. ഇത് അവസരമാക്കി 1,​650 മുതൽ 1,800 രൂപ വരെ കമ്പനികൾ ഈടാക്കുന്നുണ്ട്. ഇങ്ങനെ വാങ്ങുന്ന മീറ്റർ ഷൊർണ്ണൂരിലുള്ള ട്രാൻസ്‌ഫോർമേഴ്സ് ആന്റ് മീറ്റർ റിപ്പയർ യൂണിറ്റിൽ നിന്ന് സീൽ ചെയ്ത് കെ.എസ്.ഇ.ബിയെ ഏൽപ്പിച്ചാലേ കണക്‌ഷൻ നൽകൂ. ഇലക്ട്രിക്ക് പോസ്റ്റിന് ഒന്നിന് കമ്പി അടക്കം 14,000 രൂപയും 18 ശതമാനം ജി.എസ്.ടിയും ഉപഭോക്താക്കളിൽ നിന്ന് വാങ്ങുന്നുണ്ട്. കമ്പനികളിൽ നിന്ന് കെ.എസ്.ഇ.ബി നേരിട്ട് മീറ്റർ വാങ്ങി നൽകണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

റീഡിംഗ് മീറ്ററുകൾ സ്റ്റോക്കില്ലാത്തതിനാൽ വൈദ്യുതി കണക്‌ഷൻ നൽകാനാവുന്നില്ല. ഈ മാസം കുറച്ച് റീഡിംഗ് മീറ്ററുകൾ എത്തിയേക്കും.

കെ.എസ്.ഇ.ബി ഡിവിഷൻ അധികൃതർ,​ മലപ്പുറം.