
പെരിന്തൽമണ്ണ: ഇന്ത്യൻ നാവികസേനയിൽ കമാൻഡറായി സേവനമനുഷ്ഠിക്കുന്ന ഡോ. വി.എ.അരുൺ നാഷണൽ അക്കാദമി ഒഫ് മെഡിക്കൽ സയൻസസിന്റെ അസോസിയേറ്റ് ഫെലോഷിപ്പിന് അർഹനായി. പി.ജി.ഐ ചണ്ഡീഗഡ്ഡിൽ ഹിമാറ്റോളജി വകുപ്പിൽ ഉപരിപഠനം നടത്തി വരികയാണ് അരുൺ. വിദ്യാഭ്യാസ ഗവേഷണ സേവന മേഖലകളിൽ കാഴ്ചവച്ച മികവുകളുടെയും നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ 40 വയസിന് താഴെയുള്ള ഡോക്ടർമാരിൽ നിന്ന് അഖിലേന്ത്യാ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് പുരസ്‌കാരം. നവംബർ 12ന് ജയ്‌പൂരിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക. അങ്ങാടിപ്പുറം സ്വദേശിയായ അരുൺ ഭക്തിഗാന രചയിതാവ് പി.സി.അരവിന്ദന്റെയും വിജയലക്ഷ്മിയുടെയും (റിട്ട. എൽ.ഐ.സി) മകനാണ്.