
മലപ്പുറം: തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനായി ജില്ലയിൽ അഞ്ച് എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങും. ഇതിനായി 30 മുതൽ 50 സെന്റ് വരെ സ്ഥലമുള്ള മൃഗാശുപത്രികളെ ജില്ലാ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കെട്ടിടം, ഓപ്പറേഷൻ തിയേറ്റർ സൗകര്യങ്ങൾ ഒരുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളായതിനാൽ പിന്തുണ ഉറപ്പാക്കാൻ ഈമാസം 18ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ തദ്ദേശ ഭരണ സമിതികളുടെയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം വിളിച്ചിട്ടുണ്ട്. പഞ്ചായത്തുകൾ എതിർപ്പ് ഉന്നയിച്ചിട്ടില്ലെങ്കിൽ നിലവിൽ കണ്ടെത്തിയ സ്ഥലങ്ങളിൽ കേന്ദ്രങ്ങൾ തുടങ്ങുന്ന നടപടിയുമായി മുന്നോട്ടുപോവാനാണ് ധാരണ. രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒരു എ.ബി.സി കേന്ദ്രം അടിയന്തരമായി തുടങ്ങണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. സെപ്തംബർ 25നകം സ്ഥലം കണ്ടെത്തി നൽകാൻ ജില്ലാ ഭരണകൂടം ബ്ലോക്ക് പഞ്ചായത്തുകൾക്ക് നിർദ്ദേശമേകിയെങ്കിലും ഇത് നടന്നില്ല. തുടർന്നാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് സ്വന്തം നിലയ്ക്ക് സ്ഥലം കണ്ടെത്തിയത്.
ജില്ലയിലെ ഭൂരിഭാഗം മൃഗാശുപത്രികളും കുറഞ്ഞ സ്ഥലത്താണ് പ്രവർത്തിക്കുന്നതെന്നതിനാൽ കൂടുതൽ വന്ധ്യംകരണ കേന്ദ്രങ്ങൾ തുടങ്ങാൻ തദ്ദേശസ്ഥാപനങ്ങൾ കൂടി മുൻകൈ എടുക്കേണ്ടിവരും. സെന്ററിന്റെ നടത്തിപ്പ് സാമ്പത്തിക ബാദ്ധ്യതയാവുമോ എന്നതും ഭൂരിഭാഗം മൃഗാശുപത്രികളും ജനവാസ കേന്ദ്രങ്ങളിലായതിനാൽ പ്രതിഷേധ സാദ്ധ്യതയുമാണ് പഞ്ചായത്തുകളുടെ ആശങ്ക. സെന്ററുകളുടെ നടത്തിപ്പ്, സാമ്പത്തികച്ചെലവ്, വന്ധ്യംകരണത്തിന് ശേഷം തെരുവുനായകളെ പാർപ്പിക്കാനുള്ള ഷെൽട്ടറുകളുടെ നിർമ്മാണം അടക്കം ചർച്ച ചെയ്ത് ആശങ്ക ദുരീകരിക്കുന്നതിനാണ് ജില്ലാ പഞ്ചായത്ത് യോഗം വിളിച്ചിട്ടുള്ളത്. മൃഗാശുപത്രികളുടെ കോമ്പൗണ്ടിലുള്ള ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ എ.ബി.സി കേന്ദ്രങ്ങളാക്കി മാറ്റാനാവുമോയെന്നും പരിശോധിക്കും.
ആശങ്ക വേണ്ട
20 സെന്റ് സ്ഥലമെങ്കിലും എ.ബി.സി കേന്ദ്രങ്ങൾക്ക് വേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ് മൃഗസംരക്ഷണ വകുപ്പ്. അനുവദിക്കപ്പെടുന്ന സ്ഥലം മതിൽകെട്ടി വേർതിരിച്ച് മൃഗാശുപത്രിയുമായി ബന്ധമില്ലാത്ത വിധത്തിലാവും സെന്റർ നിർമ്മിക്കുക. മൃഗാശുപത്രിയിൽ എത്തുന്നവരുടെ സുരക്ഷ കൂടി കണക്കിലെടുത്താണിത്. വന്ധ്യംകരണത്തിന് ശേഷം നായകളെ പാർപ്പിക്കുന്നതിനായി ജനവാസം കുറഞ്ഞ പ്രദേശത്ത് ഷെൽട്ടർ ഒരുക്കും. കുറഞ്ഞത് ഒരു ഏക്കറെങ്കിലും സ്ഥലമുള്ള രണ്ടിടങ്ങളിലായി ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ ഷെൽട്ടറുകൾ നിർമ്മിക്കാനാണ് നീക്കം. നായകളുടെ സംരക്ഷണം, ഭക്ഷണം എന്നിവയ്ക്ക് മൃഗസ്നേഹികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം കൂടി ഉറപ്പാക്കും.
എ.ബി.സി കേന്ദ്രങ്ങൾ അടിയന്തരമായി തുടങ്ങാനുള്ള ശ്രമങ്ങളിലാണ്. ഷെൽട്ടറുകൾക്ക് സ്ഥലം കണ്ടെത്തുന്നതിന് മൃഗസ്നേഹികളുടെ അടക്കം വലിയ പിന്തുണ ലഭിക്കുന്നുണ്ട്.
ഡെപ്യുട്ടി ഡയറക്ടർ, ജില്ലാ മൃഗസംരക്ഷണ വകുപ്പ്