hajj

മലപ്പുറം: ഹജ്ജിനുള്ള പ്രായപരിധി കൊവിഡ് പശ്ചാത്തലത്തിൽ 65ൽ താഴെയാക്കിയ തീരുമാനം സൗദി സർക്കാർ പിൻവലിക്കുന്നത് കേരളത്തിൽ നിന്നടക്കം കൂടുതൽ തീർത്ഥാടകർക്ക് ഗുണകരമാവും. ഹജ്ജിനോ ഉംറയ്‌ക്കോ എത്തുന്ന വനിതാ തീർത്ഥാടകർക്കൊപ്പം രക്തബന്ധു വേണമെന്ന നിബന്ധനയും ഒഴിവാക്കി. ഏത് തരത്തിലുള്ള വിസയുമായി വരുന്നവർക്കും ഉംറ നിർവഹിക്കാൻ അനുമതിയുണ്ട്.

പ്രായപരിധി പിൻവലിക്കുന്നത് സൗദിയിലെ ഇന്ത്യൻ കോൺസുലേറ്റിനെ അറിയിച്ചിട്ടുണ്ട്. കോൺസുലേറ്റ് ഇക്കാര്യം ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുള്ളക്കുട്ടിയെ അറിയിച്ചു.

പ്രായപരിധി കുറച്ചതോടെ നിരവധി പേർക്ക് ഹജ്ജിനുള്ള അവസരം നഷ്ടപ്പെടുന്നതായി കഴിഞ്ഞ ഹജ്ജ് വേളയിൽ അബ്ദുള്ളക്കുട്ടി സൗദി ഹജ്ജ് കാര്യ മന്ത്രിയെ ധരിപ്പിച്ചിരുന്നു. നേരത്തേ 70 വയസ് കഴിഞ്ഞവർക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് പോകാമായിരുന്നു. കഴിഞ്ഞ തവണ ഇത് 65 ആയി കുറച്ചു. ഇതോടെ ഇക്കൊല്ലം ജൂലായിൽ നടന്ന ഹജ്ജിന് പലർക്കും പോകാൻ കഴിഞ്ഞില്ല. 20 ലക്ഷത്തോളം പേർക്ക് ഓരോ വർഷവും ഹജ്ജിന് അവസരം ലഭിച്ചിരുന്നത് കൊവിഡ് അകലം പാലിക്കേണ്ടത് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം പത്ത് ലക്ഷമാക്കി സൗദി ഭരണകൂടം കുറച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷത്തിൽ നിന്ന് 82,000 മാത്രമായി. ആനുപാതികമായി കേരളത്തിലും കുറഞ്ഞു. 12,000 ത്തോളം പേർ പോയിരുന്നത് 5,000 ആയി ചുരുങ്ങി. പ്രായപരിധി പിൻവലിച്ചതിനൊപ്പം പഴയ ക്വോട്ട പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് തീർത്ഥാടകർ. 2023 ജൂൺ അവസാനമാണ് അടുത്ത ഹജ്ജ്.

മക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് മസ്ജിദുൽ ഹറമിലും പരിസരങ്ങളിലും നടക്കുന്നത്. കൂടുതൽ തീർത്ഥാടകരെ വരവേൽക്കാനാണിത്.