
കോട്ടയ്ക്കൽ: അന്താരാഷ്ട്ര മാർക്കറ്റിൽ അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന 50 ഗ്രാം ക്രിസ്റ്റൽ എം.ഡി.എം.എയുമായി മൂന്നംഗ ലഹരിക്കടത്തു സംഘം അറസ്റ്റിൽ. പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ വെളിയത്ത് ഷാജഹാൻ (29), വെളിയത്ത് ഹാറൂൺ അലി (29) എന്നിവരാണ് അറസ്റ്റിലായത്.
എം.ഡി.എം.എ, സ്റ്റാമ്പുകൾ തുടങ്ങിയവ കാരിയർമാർ മുഖേന ജില്ലയിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ബംഗളൂരുവിൽ പോയി രഹസ്യകേന്ദ്രങ്ങളിൽ ദിവസങ്ങളോളം തങ്ങി മൊത്തവിൽപ്പനക്കാരുമായി വിലപറഞ്ഞുറപ്പിച്ചാണ് ഇവർ മയക്കുമരുന്ന് വാങ്ങുന്നത്. പാഴ്സലുകളിലും വാഹനഭാഗങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയിലും മറ്റും ഒളിപ്പിച്ചാണ് ബസ്, ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കടത്തുന്നത്. ചെറിയ പായ്ക്കറ്റുകളിലാക്കി ഗ്രാമിന് 10,000 രൂപ മുതൽ വിലയിട്ടാണ് ചെറുകിടക്കാർക്ക് വിൽക്കുന്നത്. ഒരു തവണ ഉപയോഗിച്ചാൽ പോലും അടിമപ്പെട്ടു പോവും വിധമുള്ള മയക്കുമരുന്നാണ് എം.ഡി.എം.എ. ആറുമാസത്തോളം തുടർച്ചയായി ഉപയോഗിച്ചാൽ മാനസികനില വരെ തകരാറിലാകും. ഒരാഴ്ചയോളം നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിൽ മലപ്പുറം ഡിവൈ.എസ്.പി അബ്ദുൽ ബഷീർ, കോട്ടയ്ക്കൽ ഇൻസ്പെക്ടർ ഷാജി , എസ്.ഐ.മാരായ എസ്.കെ. പ്രിയൻ, ഗിരീഷ്, വിശ്വനാഥൻ, രതീഷ്, ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ ദിനേശ് , ഷഹേഷ് , കെ.കെ. ജസീർ, പി.സലീം, സിറാജ്ജുദ്ധീൻ എന്നിവരുമാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കും.