
മലപ്പുറം: കാലവർഷം പിന്നിട്ടിട്ടും പനിയുടെ വ്യാപനത്തിന് യാതൊരു കുറവുമില്ല. കുട്ടികളെയാണ് പനി കൂടുതലായി ബാധിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ കുട്ടികളുടെ സാമ്പിൾ പരിശോധനയിൽ അഡിനോ വൈറസ് ആണ് പനി പടരുന്നതിന് കാരണമായി കണ്ടെത്തിയത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വൈറസ് ബാധ കൂടുതലും. സാധാരണ ഗതിയിൽ നാലോ അഞ്ചോ ദിവസം കൊണ്ട് രോഗം മാറാമെങ്കിലും കൂടുതൽ രൂക്ഷമായി ബാധിക്കുന്നതോടെ ദിവസങ്ങൾ നീണ്ടുനിൽക്കാം. ഇടവിട്ടുള്ള പനിയാണ് കൂട്ടികളെ കൂടുതൽ ക്ഷീണിപ്പിക്കുന്നത്. പനി, ജലദോഷം എന്നിവയ്ക്ക് പുറമെ ചുമ, കണ്ണിലെ പഴുപ്പ്, ശ്വാസംമുട്ടൽ, അതിസാരം, ചർദ്ദി, ഓക്സിജന്റെ അളവ് കുറയൽ, ന്യൂമോണിയ തുടങ്ങിയവയും കണ്ടുവരുന്നുണ്ട്. ശ്വാസനാളികളിലെ നീർക്കെട്ട് വിട്ടുമാറാത്ത ചുമയ്ക്കും കാരണമാവുന്നുണ്ട്. പനി സുഖപ്പെട്ട കുട്ടികളിൽ തന്നെ മസിൽ വേദനയും അനുഭവപ്പെടുന്നു.
20,000 കടന്ന് പനി ബാധിതർ
ഒക്ടോബർ ഒന്നുമുതൽ ഇതുവരെ 20,309 പേരാണ് വൈറൽ പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം 1,224 പേർക്കാണ് വൈറൽ പനി ബാധിച്ചത്. അഡ്മിറ്റ് രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. കൊവിഡ് കാരണം വീടുകളിൽ മാത്രം കഴിഞ്ഞ സാഹചര്യത്തിൽ പൊതുവേ രോഗങ്ങൾ കുറവായിരുന്നു. വീടുകളിൽ നിന്ന് പുറത്തിറങ്ങിയ സാഹചര്യവും മിക്കവരും മാസ്ക്ക് ഉപേക്ഷിച്ചതും വൈറൽ പനി ഉൾപ്പെടെയുള്ള രോഗങ്ങളുടെ വർദ്ധനവിന് കാരണമായതായി ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം പകലിലെ കനത്ത ചൂടും രാത്രിയിലെ തണുത്ത കാലാവസ്ഥയും പനിയുടെ വ്യാപനത്തിന് വഴിയൊരുക്കുന്നുണ്ട്.
ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ ഉടനെ മതിയായ ചികിത്സ നൽകണം. പനി ബാധിച്ച കുട്ടികളെ വിദ്യാലയങ്ങളിൽ വിടരുത്. പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മാത്രമേ രോഗ വ്യാപനത്തിന് തടയിടാനാവൂ.ഡോ. ഷിബു, ശിശുരോഗ വിദഗ്ദ്ധൻ, മലപ്പുറം താലൂക്ക് ആശുപത്രി