
നിലമ്പൂർ : കൃഷിനാശമുണ്ടാക്കിയതിന് വെടിവച്ചു കൊന്ന കാട്ടുപന്നിയെ അധികൃതരെ ഏൽപ്പിക്കാൻ നിലമ്പൂർ മുതീരിയിലെ കർഷകൻ കാവലിരുന്നത് 10 മണിക്കൂറോളം. വെടിവച്ചയാൾക്കുള്ള പ്രതിഫലം കൂടി കർഷകന് സ്വന്തമായി നൽകേണ്ടി വന്നു.
കൃഷിയിടത്തിൽ ശല്യമുണ്ടാക്കുന്ന പന്നികളെ വെടിവച്ചു കൊല്ലാൻ നിയമമുണ്ടെങ്കിലും ഇതിന്റെ നടപടിക്രമങ്ങൾ കർഷകർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളുടെ സൂചകമാണ് മുതീരി പാടശേഖരസമിതി അംഗമായ യു.വി.മനോമോഹനന്റെ അനുഭവം. ആഴ്ചകൾക്കു മുൻപ് പാടശേഖരത്തിലേക്കായി തയ്യാറാക്കിയ ഞാറ് കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു.നഗരസഭയിൽ പരാതി നൽകിയപ്പോൾ അനുവദനീയ പാനലിലുള്ള മമ്പാട് സ്വദേശിയെ പന്നിയെ വെടിവയ്ക്കാൻ നിയോഗിച്ചു. നിരവധി തവണ സ്ഥലത്തെത്തിയെങ്കിലും പന്നികളെ കണ്ടുകിട്ടിയില്ല. ഒടുവിൽ ചൊവ്വാഴ്ച രാത്രി ഒരു കാട്ടുപന്നിയെ വെടിവച്ചിടാനായി. അധികൃതരെത്തി പന്നിയുടെ ജഡം ഏറ്റുവാങ്ങണമെന്നാണ് നിയമം. രാത്രിയായതിനാൽ ഉദ്യോഗസ്ഥരെത്തിയില്ല. തുടർന്ന് സ്‌കൂട്ടറിൽ പന്നിയുടെ ജഡം വീട്ടിലെത്തിച്ച് കാവലിരിക്കുകയായിരുന്നു. പന്നിയുടെ ജഡം കാണാതായാൽ കർഷകൻ പ്രതിയാകുന്ന സാഹചര്യമുള്ളതിനാലായിരുന്നു ഇത്. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് അധികൃതരെത്തി പന്നിയെ കൊണ്ടുപോയത്. ആദ്യം നശിപ്പിക്കപ്പെട്ട ഞാറിനു പകരം വിതയ്ക്കാൻ വാഹനവാടക നൽകിയാണ് പാടശേഖരത്തിലെ കർഷകർ വീണ്ടും വിത്തെത്തിച്ചത്.
ചെലവും കർഷകന്റേത്
പന്നിയെ കൊന്നതിനുള്ള പ്രതിഫലമായി 1500 രൂപയും കർഷകന് ചെലവ് വന്നു. വെടിവച്ചയാൾക്കുള്ള പ്രതിഫലം നഗരസഭ വഹിക്കണമെന്നാണ് കർഷകർ പറയുന്നത്.എന്നാൽ ഇക്കാര്യത്തിൽ ഉത്തരവിൽ പരാമർശമില്ലെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ഇതു സംബന്ധിച്ച അവ്യക്തത നീക്കി വേട്ടക്കാരനുള്ള പ്രതിഫലം നഗരസഭ ഏറ്റെടുക്കണമെന്നാണ് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു