nnnnn

മലപ്പുറം: തേങ്ങയുടെ വില ഇടിയുമ്പോഴും തെങ്ങ് ചതിക്കില്ലെന്ന പഴമൊഴിയെ മുറുകെ പിടിക്കുകയാണ് ജില്ലയിലെ കേര കർഷകർ. ഒമ്പത് മാസത്തിനിടെ അത്യുത്പാദന ശേഷിയുള്ള 1,49,271 തെങ്ങിൻ തൈകളാണ് കൃഷിഭവൻ മുഖേന കർഷകർ വാങ്ങിയത്. ഉയരം കൂടിയതും മികച്ച വിളവ് തരുന്നതുമായ വെസ്റ്റ് കോസ്റ്റ് ടോൾ (ഡബ്ല്യു.സി.ടി) ഇനത്തിൽപ്പെട്ട 1,36,596 എണ്ണവും 5,059 ഹൈബ്രിഡ് കുള്ളൻ തെങ്ങും, ഹൈബ്രിഡ് ഇനത്തിൽപ്പെട്ട 7,616 തെങ്ങിൻ തൈകളുമാണ് വച്ചുപിടിപ്പിച്ചത്. മൂന്ന് മാസം പ്രായമുള്ള തെങ്ങിൻ തൈകളാണിവ. മൂന്ന് വർഷം മുതൽ അഞ്ച് വർഷം കൊണ്ട് ഇവ കായ്ക്കും. ഈ സമയത്ത് നാളികേരത്തിന് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ കേരകൃഷിയെ കൈവിടാത്തത്. അഞ്ച് വർഷത്തിനിടെ ജില്ലയിൽ 1,440 ഹെക്ടറിൽ പുതുതായി കേര കൃഷി വ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ആകെ 1,04,276 ഹെക്ടറിലാണ് തെങ്ങുള്ളത്.

ഉത്പാദനത്തിൽ ഇടിവ്

കേര കൃഷി വ്യാപിക്കുമ്പോഴും നാളികേരത്തിന്റെ ഉത്പാദനത്തിൽ ജില്ല പിറകോട്ടാണ്. അത്യുത്പാദന ശേഷിയുള്ള തെങ്ങുകളുടെ കുറവാണ് പ്രധാന കാരണം. ഇതുകൂടി മുന്നിൽ കണ്ടാണ് കൃഷി ഭവനുകൾ മുഖേന അത്യുത്പാദന ശേഷിയുള്ള തെങ്ങിൻ തൈകളുടെ വിതരണം ഊർജ്ജിതമാക്കിയത്. 2016-17 കാലയളവിൽ ഒരു ഹെക്ടറിൽ നിന്ന് 10,117 തേങ്ങകൾ വിളയിച്ചിരുന്നെങ്കിൽ നിലവിൽ ഇത് 7,375 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് കോക്കനട്ട് ഡെവലപ്പ്മെന്റ് ബോർഡിന്റെ കണക്ക്.

പരപ്പനങ്ങാടിയിലെ തെങ്ങിൻ തൈ ഉത്പാദന കേന്ദ്രത്തിൽ നിന്നാണ് കൃഷി ഭവനുകളിലേക്ക് അത്യുത്പാദന ശേഷിയുള്ള തൈകളെത്തുന്നത്. ഡബ്ല്യു.സി.ടി ഇനത്തിൽപ്പെട്ട വിത്ത് തേങ്ങകൾ വടകരയിലെ ഉള്യോരി, തൊട്ടിൽപ്പാലം എന്നിവിടങ്ങളിലെ വിത്ത് തേങ്ങ സംഭരണ കേന്ദ്രങ്ങളിൽ നിന്ന് പരപ്പനങ്ങാടിയിലെ ഫാമിലെത്തിച്ച് നട്ടു വളർത്തും. മറ്റ് ഹൈബ്രിഡ് ഇനങ്ങൾ ചാവക്കാട്ടെ സർക്കാർ സംഭരണ കേന്ദ്രത്തിൽ നിന്നും ഫാമിലെത്തിക്കും.17 ഏക്കറിലുള്ള ഫാമിൽ വിത്തുകൾ മുളപ്പിച്ച് തൈകൾ വളർത്തിയെടുക്കുന്നതിനുള്ള റെയിൻ ഷെൽട്ടറുകളുമുണ്ട്.

ഡബ്ല്യു.സി.ടിക്ക് ഒന്നിന് 100 രൂപയാണ് വില. കൃഷിഭവനുകളിലൂടെ വിതരണം ചെയ്യുമ്പോൾ അമ്പത് ശതമാനം സബ്സിഡിയുണ്ട്. ഹൈബ്രിഡിന് 250 രൂപയാണ് വിലയെങ്കിലും സർക്കാർ സബ്സിഡിയിലൂടെ 125 രൂപയ്ക്ക് കർഷകർക്ക് കിട്ടും.