
തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിൽ നാല് ദിവസങ്ങളിലായി
സംസ്ഥാന അത്‌ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച 66- ാമത് സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പാലക്കാട് വീണ്ടും കിരീടം ചൂടി. 28 സ്വർണ്ണവും 27 വെള്ളിയും 21 വെങ്കലവും നേടി 530.33 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പാലക്കാട് ഓവറോൾ കിരീടം നിലനിറുത്തിയത്. ചാമ്പ്യൻഷിപ്പിന്റെ ഒന്നാംദിനം മുതൽതന്നെ പാലക്കാടിന്റെ ആധിപത്യം പ്രകടമായിരുന്നു.
22 സ്വർണ്ണവും 25 വെള്ളിയും 11 വെങ്കലവുമായി 394.5 പോയിന്റുമായി കോഴിക്കോട് രണ്ടാംസ്ഥാനം കരസ്ഥമാക്കി. 386.5 പോയിന്റുമായി എറണാകുളം മൂന്നാംസ്ഥാനത്തും 313 പോയിന്റുമായി കോട്ടയം
നാലാം സ്ഥാനത്തുമെത്തി. 293.5 പോയിന്റ് നേടി ആതിഥേയരായ മലപ്പുറം അഞ്ചാമതായി.
രണ്ടായിരത്തോളം അത്‌ലറ്റുകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്.