
നിലമ്പൂർ: ഫിഫ ലോകകപ്പ് ഫുട്ബാൾ മാമാങ്കം കൊടിയേറാൻ ഒരു മാസത്തിൽ താഴെ മാത്രം ശേഷിക്കേ ഫുട്ബാൾ ആവേശത്തിലാണ് മലയോരമേഖല. കാൽപ്പന്തുകളിയുടെ മാസ്മരിക രാവുകളെ വരവേൽക്കാൻ ലോകം മുഴുവനുമുള്ള ഫുട്ബാൾ ആരാധകർ തയ്യാറെടുക്കുമ്പോൾ പ്രിയ ടീമുകൾക്കായുള്ള ഫ്ളക്സുകളും കട്ടൗട്ടുകളും സ്ഥാനം പിടിച്ചു തുടങ്ങി. വിവിധ ടീമുകളുടെ ജഴ്സികളും വഴിയോരങ്ങളിൽ ഉൾപ്പെടെ വിൽപ്പനയ്ക്കായുണ്ട്.32 ടീമുകൾ 8 ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുന്ന ലോകകപ്പ് ഫുട്ബാൾ ഇത്തവണ നടക്കുന്നത് ഖത്തറിലാവുന്നതും ആവേശം കൂട്ടുന്നുണ്ട്. ഇഷ്ട ടീമിന്റെ ജഴ്സി അണിഞ്ഞ് മാസങ്ങൾക്കു മുൻപേ കളിയാരംഭിക്കാൻ കാത്തിരിക്കുന്നവരാണ് ആരാധകർ. പ്രിയതാരങ്ങളുടെ ജഴ്സികളുമായി നേരത്തെ തന്നെവഴിയോരങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട് കച്ചവടക്കാർ. ബ്രസീൽ, അർജ്ജന്റീന ടീമുകളുടെ ജഴ്സികൾക്കും കൊടികൾക്കുമാണ് ഇത്തവണയും ആവശ്യക്കാരേറെ. ലോകകപ്പ് അടുക്കുംതോറും മറ്റു ടീമുകളുടെ ജഴ്സികൾക്കും ആവശ്യക്കാരെത്തുമെന്ന് 12 വർഷമായി സ്പോർട്സ് അനുബന്ധ കച്ചവടസ്ഥാപനം നടത്തുന്ന കൂറ്റമ്പാറ സ്വദേശി ഇസ്മായിൽ പറയുന്നു. ഇപ്പോൾ ചെറിയ കുട്ടികൾക്കുള്ളവയാണ് കൂടുതൽ വിറ്റുപോകുന്നത്.ഇഷ്ടടീമുകൾക്കായി വലിയ ഫ്ളക്സുകളും വെല്ലുവിളി വാചകങ്ങളും തെരുവോരങ്ങളിൽ നേരത്തെ തന്നെ പ്രത്യക്ഷപ്പെട്ടത് ആവേശം കൂട്ടുന്നുണ്ട്. അടുത്തമാസം 21 നാണ് ഖത്തറിൽ ഫുട്ബോൾ മാമാങ്കത്തിന് തുടക്കമാകുന്നത്.