തേഞ്ഞിപ്പലം: ദേശീയപാത 66 ന്റെ വികസന പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ ഒരുപ്രദേശത്തിന്റെ മുഴുവൻ ജനങ്ങളുടെയും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് തേഞ്ഞിപ്പലം ജനസൗഹൃദ ദേശീയപാത കർമ്മസമിതി സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിനെ രണ്ടായി മുറിച്ചുകൊണ്ട് ഒരു വൻമതിൽ രൂപപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ദേശീയപാതയുടെ കിഴക്കും പടിഞ്ഞാറുമുള്ള വിവിധ സ്ഥാപനങ്ങളലേക്ക് എത്തിച്ചേരുന്നതിന് ചേളാരി,പാണമ്പ്ര ,കോഹിന്നൂർ എന്നിവിടങ്ങളിൽ ആവശ്യമായ അടിപ്പാതയോ മേൽപ്പാലമോ നിർമ്മിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുന്ന നിരവധി നിവേദനങ്ങൾ നൽകിയിട്ടും അനുഭാവപൂർണ്ണമായ സമീപനം സ്വീകരിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് നടന്ന സമരപ്രഖ്യാപന കൺവെൻഷൻ പി.അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർമ്മ സമിതി ചെയർമാൻ പി.കെ.പ്രദീപ്‌മേനോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.പി.ഇബ്രാഹിം മുഹമ്മദ്, പി.എം.അഹമ്മത്(ബാവക്രസന്റ്), ടി.പി.സുരേന്ദ്രനാഥ്, എം.വിജയൻ, അബുലൈസ് തേഞ്ഞിപ്പലം, പഞ്ചായത്ത് മെമ്പർ ജാഫർ സിദ്ദീഖ്, ഡോ.എൻ.എ.എം അബ്ദുൽ ഖാദർ, കെ.പി.സലീം, പാണമ്പ്ര ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് ബാഖവി തുടങ്ങിയവർ പ്രസംഗിച്ചു.