
മലപ്പുറം: മുഴുവൻ തെരുവുനായകൾക്കും വളർത്തുമൃഗങ്ങൾക്കും ഒക്ടോബർ 20നകം പേ വിഷബാധ പ്രതിരോധ വാക്സിൻ നൽകാനുള്ള പദ്ധതി ജില്ലയിൽ നടപ്പായില്ല. മൃഗസംരക്ഷണ വകുപ്പിന്റെ തീവ്രവാക്സിനേഷൻ യജ്ഞത്തിൽ ഇതുവരെ 132 തെരുവുനായകൾക്ക് മാത്രമാണ് വാക്‌സിൻ നൽകിയത്. 12,300 വളർത്തുമൃഗങ്ങൾക്കും വാക്സിൻ നൽകി. 8,500 നായകൾ, 3,800 പൂച്ചകൾ എന്നിങ്ങനെയാണിത്. 18,000ത്തോളം വളർത്തു നായകളും പൂച്ചകളും ജില്ലയിലുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.
ശാസ്ത്രീയമായ രീതിയിൽ തെരുവുനായകളെ പിടിക്കാനുള്ള പരിശീലനം ലഭിച്ചവരുടെ കുറവാണ് ജില്ലയിൽ വാക്‌സിനേഷന് വിലങ്ങായത്. ഇതുമറികടക്കാൻ മൃഗസംരക്ഷണ വകുപ്പ് മുഖേന ഈ മാസം 30 പേർക്ക് ഡോഗ് ക്യാച്ചിംഗിൽ രണ്ട് ദിവസത്തെ പരിശീലനമേകിയിട്ടുണ്ട്. 12 പേർ കൂടി പരിശീലനത്തിന് താത്പര്യപ്പെട്ടിട്ടുണ്ട്. ഇവരെ കൂടി ഉൾപ്പെടുത്തി ഡോഗ് ക്യാച്ചിംഗ് ടീം ഉണ്ടാക്കാനാണ് തീരുമാനം. പരിശീലനത്തിനായി ഡോഗ് ക്യാച്ചിംഗിന് താത്പര്യമുളള സന്നദ്ധ സംഘടനകൾ, ക്ലബുകൾ, വ്യക്തികൾ എന്നിവരിൽ നിന്ന് മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചിരുന്നു. പരീശിലനം ലഭിച്ചവരെ തൊട്ടടുത്ത പഞ്ചായത്തുകളിൽ ഒന്നിലധികം പേർ ഉൾപ്പെട്ട ടീമുകളാക്കി മാറ്റും. വന്ധ്യംകരണത്തിന് വേണ്ടി പിടികൂടുമ്പോൾ നായ ഒന്നിന് അഞ്ഞൂറ് രൂപയും വാക്‌സിനേഷന് വേണ്ടിയെങ്കിൽ 300 രൂപയുമാണ് നൽകുക. എ.ബി.സി ഫണ്ടിൽ നിന്നാവും ഇതിനുള്ള തുക കണ്ടെത്തുക.
പിടികൂടുക അതിരാവിലെ
തെരുവുനായകളെ പിടികൂടാനെത്തുന്ന ദിവസം മുൻകൂട്ടി തദ്ദേശഭരണ സമിതികളെ ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിക്കും. തെരുവുനായകൾ തമ്പടിക്കുന്ന പ്രദേശങ്ങൾ ഡോഗ് ക്യാച്ചിംഗ് ടീമിനെ അറിയിക്കേണ്ട ചുമതല ജനപ്രതിനിധികൾക്കാണ്. നായകളെ കൂട്ടമായി കണ്ടെത്താനും പിടികൂടാനും കൂടുതൽ എളുപ്പം അതിരാവിലെ ആണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. വളർത്തുമൃഗങ്ങൾക്ക് വാക്സിൻ നൽകാൻ 545 ക്യാമ്പുകൾ ഇതുവരെ ജില്ലയിൽ നടത്തിയിട്ടുണ്ട്. തെരുവുനായകൾക്കായി ഏഴ് ക്യാമ്പുകളും. മലപ്പുറം മുനിസിപ്പാലിറ്റി, നിലമ്പൂർ, എടവണ്ണ, തേഞ്ഞിപ്പലം, വാഴക്കാട് പഞ്ചായത്തുകളിലും കളക്ടറേറ്റിലുമാണ് തെരുവുനായകൾക്ക് വാക്‌സിനേഷൻ നൽകിയത്. ഡോഗ് ക്യാച്ചിംഗ് പരീശിലനം സമയബന്ധിതമായി നൽകാതിരുന്നതാണ് തെരുവുനായകളുടെ വാക്‌സിനേഷനിൽ പിറകോട്ടുപോവാൻ കാരണം.
കൂടുതൽ പേർക്ക് ഡോഗ് ക്യാച്ചിംഗിനുള്ള വിദഗ്ദ്ധ പരിശീലനമേകും. വളർത്തുമൃഗങ്ങൾക്കും തെരുവുനായകൾക്കുമുള്ള പേ വിഷബാധ പ്രതിരോധ വാക്‌നിനേഷൻ ക്യാമ്പുകൾ മുഖേന തുടരുന്നുണ്ട്.
ഡോ.പി.യു. അബ്ദുൾ അസീസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ