
മലപ്പുറം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നവംബർ ഒന്നിന് വൈകിട്ട് മൂന്നുമുതൽ നാല് വരെ മനുഷ്യശൃംഖല തീർക്കും. പൊന്നാനിയിൽ നിന്നാരംഭിച്ച് കേരള തമിഴ്‌നാട് അതിർത്തി പട്ടണമായ വഴിക്കടവിൽ അവസാനിക്കും വിധമാണ് ജില്ലാ ലഹരി വിരുദ്ധ മനുഷ്യ ശൃംഖല.
83 കിലോമീറ്റർ ദൈർഘ്യത്തിലാണ് മനുഷ്യ ശൃംഖല നിർമ്മിക്കുക. ജില്ലയിലെ വിവിധ ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥന്മാർ, രക്ഷിതാക്കൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് മനുഷ്യ ശൃംഖല തീർക്കുന്നത്. പുതുതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാനുള്ള പ്രയത്നത്തിലാണ് ലഹരി വിമുക്ത കേരളമെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം സമൂഹത്തിലെ എല്ലാവരും മനുഷ്യ ശൃംഖലയിൽ പങ്കാളികളാകണമെന്നും ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ അഭ്യർത്ഥിച്ചു. മനുഷ്യ ശൃംഖലയുടെ മുന്നോടിയായി ജില്ലയിലെ വിവിധ വകുപ്പ് മേധാവിമാരുടെ യോഗവും ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷന്മാരുടെ യോഗവും ചേർന്നു. ഗ്രാമപഞ്ചായത്ത്, നഗരസഭാ അദ്ധ്യക്ഷന്മാരുടെ യോഗം 28ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേരും.