
തിരൂരങ്ങാടി: ചെറുമുക്കിലെ പാടങ്ങൾക്ക് ഇപ്പോൾ പച്ചപ്പിന്റെയല്ല ആമ്പലിന്റെ കടും ചുവപ്പാണ്. കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന ആമ്പൽക്കാഴ്ചകൾ കാണാൻ വിവിധ ജില്ലകളിൽ നിന്ന് സന്ദർശകരെത്തുന്നു. ആമ്പലുകൾ പൂർണ്ണഭംഗിയിൽ വിരിഞ്ഞുനിൽക്കുന്നത് കാണാൻ രാവിലെ ഒമ്പതിന് മുമ്പെങ്കിലും എത്തണം. പത്ത് മണിയാവുന്നതോടെ ആമ്പലുകൾ ഇതളുകൾ താഴ്ത്താൻ തുടങ്ങും. ഭംഗിയുടെ കാര്യത്തിൽ ഗുണ്ടൽപ്പേട്ടയിലെ സൂര്യകാന്തി പാടങ്ങളെ വെല്ലും ചെറുമുക്കിലെ ആമ്പൽപാടങ്ങൾ. ടൂറിസത്തിന് വലിയ സാദ്ധ്യതകളുണ്ടായിട്ടും പ്രയോജനപ്പെടുത്താൻ അധികൃതർ ഇതുവരെ ഒരു പദ്ധതിയും രൂപവത്കരിച്ചിട്ടില്ല.
ഒന്നര പതിറ്റാണ്ടിലധികമായി ചുവപ്പ് ആമ്പലുകൾ പള്ളിക്കത്താഴം മുതൽ വെഞ്ചാലി കാപ്പ് വരെയുള്ള 100 ഏക്കറിൽ വിരിഞ്ഞുനിൽക്കുന്നുണ്ട്. തിരുനാവായയിൽ നിന്ന് ആമ്പൽ വിത്ത് കോട്ടേരിത്താഴത്തെ തോട്ടിലിട്ടത് പാടത്തേക്ക് വ്യാപിക്കുകയായിരുന്നു. സോഷ്യൽ മീഡിയകളിലടക്കം ആമ്പൽപ്പാടം വൈറലായതോടെയാണ് ഇവിടേക്ക് സന്ദർശകർ കൂടുതലായി എത്തിതുടങ്ങിയത്. ഒക്ടോബർ അവസാനം മുതൽ മഴക്കാലത്തിന് തൊട്ടുമുമ്പ് വരെ പാടങ്ങളിൽ നെൽകൃഷിയാവും. ഇതിന് തൊട്ടുമുമ്പ് കൃഷിക്കായി ഉഴുത് മറിക്കുന്നതോടെ ആമ്പൽകാഴ്ചകൾ ഇല്ലാതാവും. മൺസൂൺ മഴയെത്തി പാടങ്ങളിൽ വെള്ളം നിറയുന്നതോടെ ആമ്പലുകൾ വീണ്ടും തളിർക്കാനും പൂവിടാനും തുടങ്ങും.
വലിയ തോടിന് വേണം ശാപമോക്ഷം
പാടശേഖരങ്ങളിൽ നെല്ലിറക്കുന്നതോടെ എട്ട് മാസത്തോളം ആമ്പൽ കാഴ്ചകളുണ്ടാവില്ല. പാടങ്ങളോട് ചേർന്നുള്ള ചെറുകുളങ്ങളിൽ മാത്രമാവും ആമ്പൽകാഴ്ച. വെഞ്ചാലി പാടശേഖരത്തോട് ചേർന്നുള്ള വെഞ്ചാലി വലിയ തോട് നിലവിൽ കാടും മണ്ണും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയാണ്. വീതി കൂട്ടി തോട് നവീകരിക്കുന്നതോടെ പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കാനും ഇതിനൊപ്പം ആമ്പൽ കാഴ്ചകളെ തോട്ടിലേക്ക് കൂടി വ്യാപിപ്പിക്കാനും സാധിക്കും. എല്ലാകാലത്തും സന്ദർശകരെ ആകർഷിക്കാൻ ഇതു സഹായകരമാവും.
ആമ്പലുകൾ പാടങ്ങളിൽ വ്യാപിച്ച ശേഷം നെൽപ്പാടങ്ങളിൽ വിളവ് കൂടി.ഒരു ഏക്കറിൽ നിന്ന് മൂന്ന് ടണ്ണിന് മുകളിൽ വരെ വിളവ് ലഭിക്കുന്നുണ്ട്. ജില്ലയിലെ പാടശേഖരങ്ങളിൽ ഏറ്റവും കൂടുതൽ വിളവ് ലഭിക്കുന്നതും ഇവിടെയാണ്. ആമ്പൽ ചെടികളും കിഴങ്ങുകളും മണ്ണിലെ വളക്കൂറിന് കാരണമായി. രാസവളങ്ങളുടെ ഉപയോഗം കുറഞ്ഞു. 60 ശതമാനത്തിന് മുകളിൽ ജൈവ വളമാണ് ഉപയോഗിക്കുന്നത്. എന്നിട്ടും വിളവ് കൂടി
മരക്കാരുട്ടി അരീക്കാട്
ചെറുമുക്ക് പാടശേഖരസമിതി കൺവീനർ