
എടപ്പാൾ: എടപ്പാൾ ടൗണിലെ മേൽപ്പാലത്തിനടിയിലെ റൗണ്ട് എബൗട്ടിന് സമീപത്ത് പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സി.സി ടി.വി പരിശോധിച്ചതിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം റൗണ്ട് എബൗട്ടിൽ ഉഗ്രശേഷിയുള്ള പടക്കം പോലുള്ള സാധനം പൊട്ടിക്കുന്നത് ദൃശ്യത്തിൽ പതിഞ്ഞിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ച് പരിശോധനയ്ക്കായി കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ചു. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവർ പരിശോധന നടത്തി. ചൊവ്വാഴ്ച രാത്രി 7.15 ഓടെയാണ് മേൽപ്പാലത്തിനടിയിലെ റൗണ്ട് എബൗട്ടിൽ നിന്ന് ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറി ഉണ്ടായത്.