
മലപ്പുറം: രണ്ട് ദിവസങ്ങളിലായി മലപ്പുറം ഗവ.കോളേജിൽ നടന്ന കേരള ഗസറ്റഡ‌് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ)  കലാമേളയിൽ തൃശൂർ ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ആതിഥേയരായ മലപ്പുറത്തിനാണ് രണ്ടാംസ്ഥാനം. വയനാട് ജില്ലയിലെ ജിൻസ് വി.ഗോപാലൻ കലാപ്രതിഭയും പാലക്കാട് ജില്ലയിലെ എം.ദിവ്യ കലാതിലകവുമായി. 33 ഇനങ്ങളിലായി 700ലധികം ഗസറ്റഡ് ജീവനക്കാർ മത്സരങ്ങളിൽ പങ്കെടുത്തു.
സമാപന പൊതുയോഗം മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായിക ആയിഷാ സുൽത്താന മുഖ്യാതിഥിയായി. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ.നാസർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എസ്.ആർ.മോഹനചന്ദ്രൻ, സ്വാഗതസംഘം വൈസ് ചെയർമാൻ വി.പി.അനിൽ, സ്വാഗതസംഘം ജനറൽ കൺവീനർ കുഞ്ഞുമുഹമ്മദ് പറവത്ത് എന്നിവർ സംസാരിച്ചു.