sreyas

പെരിന്തൽമണ്ണ: അമ്മിനിക്കാട് കൊടികുത്തിമല റോഡിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷൻ അംഗവും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി. രമേശന്റെ മകൻ അക്ഷയ് (19), പെരിന്തൽമണ്ണ കാവുങ്ങൽ വീട്ടിൽ ബിന്ദുവിന്റെ മകൻ ശ്രേയസ് (21) എന്നിവർ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി വള്ളൂരാൻ നിയാസിനെ (19) പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് അപകടം. അക്ഷയ് എൽഎൽ.ബി എൻട്രൻസ് പരിശീലനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. മാതാവ് ബിന്ദു. സഹോദരൻ അഭയ്.

ശ്രേയസ് മലപ്പുറം പോളിടെക്നിക്കിൽ നിന്ന് സിവിൽ എൻജിനിയറിംഗ് പാസായതാണ്. മുട്ടുങ്ങൽ കാവുങ്ങൽ വീട്ടിൽ പരേതനായ മണികണ്ഠനാണ് പിതാവ്. സഹോദരങ്ങൾ: ശിശിര, സ്വാദിഷ്. ഇരുവരും എസ്.എഫ്.ഐ പെരിന്തൽമണ്ണ ഏരിയാ കമ്മിറ്റി അംഗങ്ങളാണ്. മൃതദേഹങ്ങൾ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിൽ.