
മലപ്പുറം: റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ രാവിലെ 10ന് നിലമ്പൂർ പീവീസ് ആർക്കേഡിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ അദ്ധ്യക്ഷത വഹിക്കും. 55 കൊല്ലമായി സംഘടനയെ നയിക്കുന്ന കാടാമ്പുഴ മൂസയെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ആദരിക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് മുഖ്യപ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് രണ്ടിന് പ്രതിനിധി സമ്മേളനം. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അസോസിയേഷനിൽ അംഗങ്ങളായവ റേഷൻ കടകൾക്ക് നാളെ അവധിയായിരിക്കുമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ കാടാമ്പുഴ മൂസ, പ്രകാശ്.പി.വാര്യർ, കെ.പി.യൂനുസ്, പി.പി.നാസർ അറിയിച്ചു.