
മലപ്പുറം: പോഷക സമൃദ്ധമായ പച്ചക്കറി, പഴവർഗ്ഗങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാർഡിലെയും തിരഞ്ഞെടുത്ത 50 വീടുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ അഗ്രിന്യൂട്രി ഗാർഡൻ ഒരുക്കും. കുടുംബശ്രീ, അയൽക്കൂട്ട അംഗങ്ങളുടെ മേൽനോട്ടത്തിൽ വീടുകളിൽ മൂന്ന് സെന്റ് സ്ഥലത്തായി അഞ്ച് ഇനം പച്ചക്കറി തൈകളും രണ്ട് ഫലവൃക്ഷ തൈകളും കൃഷി ചെയ്യും. തക്കാളി, പാവൽ, ചീര, മഞ്ഞൾ, മല്ലി, പുതിന, വെണ്ട, വഴുതന, വെള്ളരി തുടങ്ങിയ പച്ചക്കറിത്തെകളും പപ്പായ, പേര, നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങളുമാണ് ഇതിൽ ഉൾപ്പെടുന്നത്. പ്രത്യേകം തയ്യാറാക്കിയ ഡിസൈൻ അനുസരിച്ചാണ് എല്ലാ വാർഡുകളിലും പച്ചക്കറി തോട്ടങ്ങൾ നിർമ്മിക്കുക.
ജില്ലയിൽ 70,000ത്തോളം കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന് പൂർത്തിയാക്കിയവർക്ക് മികച്ച ഇനം പച്ചക്കറി വിത്തുകൾ കുടുംബശ്രീ മുഖേന സൗജന്യമായി ഈ ആഴ്ചയോടെ നൽകും. കുടുംബശ്രീയുടെ ജൈവിക നേഴ്സറികളിൽ ഉത്പാദിപ്പിച്ച വിത്തുകളാണ് വിതരണം ചെയ്യുക.
തൈകളുടെ പരിപാലനം, ശാസ്ത്രീയമായ കൃഷി രീതി, വളപ്രയോഗം, വിളവെടുപ്പ്, വിപണനം മുതലായ വിഷയങ്ങളിൽ പദ്ധതി ഗുണഭോക്താക്കൾക്ക് കുടുംബശ്രീ പരിശീലനം നൽകും.
പോഷകം ഉറപ്പാക്കാൻ
പോഷക സമൃദ്ധവും വിഷമുക്തവുമായ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തി പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും പോഷകാഹാരക്കുറവ് പരിഹരിക്കുകയും ഇതിനൊപ്പം ആളുകൾക്ക് അധിക വരുമാനം ലഭ്യമാക്കുകയുമാണ് അഗ്രിന്യൂട്രി ഗാർഡൻ പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഉടനീളം 45 മാതൃകാ കൃഷിയിടങ്ങൾ സൃഷ്ടിക്കും.
തരിശിടങ്ങൾ കൃഷിഭൂമിയാക്കി മാറ്റും.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും ഉൾപ്പെടുന്ന അഗ്രി ഫെസ്റ്റ് നവംബറിൽ നടത്തും
ജാഫർ കക്കൂത്ത്
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ