bbbbbb

തിരൂരങ്ങാടി: ഖത്തറിൽ ഫിഫ ലോകകപ്പ് ഫുട്‌ബാൾ മത്സരം അടുത്ത മാസം നടക്കാനിരിക്കെ ജില്ലയിൽ ആവേശച്ചൂട് അലയടിച്ച് തുടങ്ങി. സാധാരണ ദൃശ്യമാകാറുള്ള ഹരം ഇതുവരെ പ്രകടമായിട്ടില്ലെങ്കിലും പതിയെ ലോകകപ്പിന്റെ ഹരത്തിലേക്ക് ആരാധകർ എത്തുന്നുണ്ട്. പ്രിയടീമുകളുടെ ഫ്ളക്സുകൾ സ്ഥാപിക്കുന്നതിന് ഉൾഗ്രാമങ്ങളിലും തുടക്കമായിട്ടുണ്ട്. തിരൂരങ്ങാടി താഴേച്ചിനയിൽ ബ്രസീൽ ആരാധകരായ മണക്കടവൻ ജസീം , കുറ്റിയിൽ നിസാർ , മേലേവീട്ടിൽ അനസ് , കുന്നുമ്മൽ ഹാരിസ് , കുറ്റിയിൽ റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ ഫ്ളക്സുയർത്തി. വരും ദിവസങ്ങളിൽ ബ്രസീൽ,​ അർജ്ജന്റീന ആരാധകരുടെ മത്സരിച്ചുള്ള ഫ്ലക്സുകൾ ഉയരും. ജർമ്മനി, ഇംഗ്ലണ്ട് , ഫ്രാൻസ് ആരാധകരും ഇവർക്ക് മത്സരം നൽകാൻ പിറകെയെത്തും.

വിവിധ ടീമുകളുടെ ജഴ്സികളും പതാകകളും കൊടിതോരണങ്ങളും ഇനി വഴിയോര കച്ചവട സ്റ്റാളുകളിൽ നിറയും. തിരൂരങ്ങാടിയിൽ പലയിടത്തും ഇവ എത്തിത്തുടങ്ങിയിട്ടേയുള്ളൂ. ആദ്യമത്സരത്തിന് വിസിൽ മുഴങ്ങുമ്പോഴേക്കും മലപ്പുറം ലോകകപ്പ് ലഹരിയിൽ മുങ്ങും. വാശിയേറിയ വാതുവയ്പ്പുകളുമുണ്ടാകും. വലിയ തുകകൾ മുതൽ തലമുടിയും മീശയും പാതി വയ്ക്കുന്നതു വരെയുള്ള പന്തയങ്ങളാണ് ഉണ്ടാവുക.