
നെല്ലിയാമ്പതി: നെല്ലിയാമ്പതി ചുരം റോഡിൽ കഴിഞ്ഞ ദിവസം ആരംഭിച്ച അറ്റകുറ്റപ്പണി കാര്യക്ഷമല്ലെന്ന് ആക്ഷേപം. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് കുഴികൾ അടയ്ക്കുന്ന പണികൾ നടന്നുവരുന്നത്. പോത്തുണ്ടി മുതൽ കാരപ്പാറ വരെയുള്ള റോഡിലെ കുഴികൾ ഉള്ള ഭാഗമാണ് മെറ്റലും ടാറുമിട്ട് നിരപ്പാക്കുന്നത്. എന്നാൽ റോഡ് റോളർ ഉപയോഗിച്ച് നിരപ്പാക്കുന്നതിന് പകരം റോഡിലെ കുഴികളിലും മറ്റും റെഡിമെയ്ഡ് ടാർ മിശ്രിതമുപയോഗിച്ച് മൂടുകയാണ് ചെയ്യുന്നത്. ഇത് റോഡിൽ അറ്റകുറ്റപണി നടത്തിയ ഭാഗം പൊന്തി നിൽക്കുന്നതിന് കാരണമാകുന്നു. വേണ്ടതിലധികം മെറ്റലാണ് കുഴികളിൽ ഇട്ട് മൂടുന്നത്. ബൈക്ക് യാത്രക്കാരടക്കമുള്ളവർ റോഡിന്റെ നന്നാക്കിയ ഭാഗത്തെത്തുമ്പോൾ തെന്നി വീണ് അപകടമുണ്ടാകാൻ സാധ്യതയേറെയാണ്. മാത്രമല്ല കുഴികളിലെ പൂഴി മാറ്റാത്തത് മൂലം റോഡിലെ മെറ്റൽ ഉറയ്ക്കാതാവുകയും മഴ പെയ്താൽ മെറ്റലിളകി പഴയതുപോലാവാനും സാധ്യതയുണ്ടെന്ന് ആക്ഷേപമുയരുന്നുണ്ട്. റോഡപകടങ്ങൾ ഏറെ നടന്നിട്ടുള്ള ഭാഗമാണ് കൈകാട്ടി, ചെറുനെല്ലി പ്രദേശങ്ങൾ. ഇവിടെ കഴിഞ്ഞ മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് റോഡ് ഭൂരിഭാഗവും തകർന്ന സ്ഥിതിയാണ്. കുഴിയടക്കൽ മാത്രം കൊണ്ട് പ്രയോജനമില്ലെന്ന് യാത്രക്കാരും പറയുന്നു. നെല്ലിയാമ്പതി പാതയിലൂടെയുള്ള ഗതാഗതം കുറ്റമറ്റ രീതിയിലാക്കാൻ അധികൃതരുടെ ശ്രദ്ധയുണ്ടാകണമെന്നാണ് സന്ദർശകരുടെയും അഭിപ്രായം.
സൂചനാ ബോർഡുകളില്ല
ടൂറിസം സീസൺ തുടങ്ങിയതോടെ ധാരാളം വിനോദസഞ്ചാരികൾ നെല്ലിയാമ്പതിയിൽ എത്തുന്നുണ്ട്. നെല്ലിയാമ്പതി ചുരം പാതയിലെ ഹെയർപിൻ ബെന്റുകളിലും മറ്റും ദിശാസൂചികയും സൂചനാ ബോർഡുകളുമില്ലാത്തത് ചുരം റോഡിൽ വാഹനമോടിച്ച് ശീലമില്ലാത്തവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മിക്ക സ്ഥലങ്ങളിലും റോഡിനോട് ചേർന്ന് പുല്ലുകൾ വളർന്ന് മറവുണ്ടാക്കുന്നതും അപകടസാധ്യത കൂട്ടുന്നു.