
കൊല്ലങ്കോട്: നിർമ്മാണ പ്രവർത്തനം തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിട്ടിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ എങ്ങുമെത്താതെ പറമ്പിക്കുളം വനപാത. 2019 സെപ്തംബർ 29ന് മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, കെ. ബാബു എം.എൽ.എ ഉൾപ്പെടെയുള്ളവർ വനപാതയ്ക്കായി ഊരുവാസികളുമായി വഴി വെട്ട് സമരത്തിന് തുടക്കം കുറിച്ചിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. തുടർന്ന് 2020 ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ വീണ്ടും ചെമ്മണാമ്പതി മലയടിവാരം മുതൽ വഴി വെട്ട് സമരം ആരംഭിക്കുകയായിരുന്നു.
വനാതിർത്തിയിൽ വനംവകുപ്പിന്റെ അനുമതി നേടിയെടുക്കാൻ നിരവധി സമരത്തിനൊടുവിൽ നെന്മാറ ഡി.എഫ്.ഒ 0.9975 ഹെക്ടർ ഭൂമി അനുവദിച്ച് ഉത്തരവായി. ചെമ്മണാമ്പതി മലയടിവാരം മുതൽ വെള്ളക്കൽതിട്ടുവരെ 3325 മീറ്റർ മൂന്ന് മീറ്റർ വീതിയിൽ വനപാത നിർമ്മാണം നടത്താൻ മുഖ്യമന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ഒരു മാസത്തോളം നൂറോളം പേർ ചേർന്ന് വഴിയൊരുക്കി. പിന്നീടുള്ള പണികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി. എന്നാൽ വനപാത നിർമ്മിക്കുന്നതിന് തടസമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാനുള്ള ഉത്തരവും നടപടി ക്രമങ്ങളും ഒരു വർഷത്തോളം വൈകിയതാണ് നിർമ്മാണം വൈകാൻ കാരണമായത്. മുറിച്ച് മാറ്റേണ്ട മരങ്ങളുടെ വിലയായി യൂസർ ഏജൻസിയായ മുതലമട പഞ്ചായത്ത് 55,000 രൂപ വനം വകുപ്പിൽ അടച്ചതോടെയാണ് മരം മുറി തുടങ്ങിയത്.
സമയവും യാത്രാചെലവും
മുതലമട പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പറമ്പിക്കുളത്തേക്ക് എത്താൻ മുതലമടയിൽ നിന്നും 70 കിലോ മീറ്റർ ചുറ്റേണ്ടതുണ്ട്. ഒമ്പത് കിലോമീറ്റർ കേരളത്തിലൂടെ വനപാത നിർമ്മിച്ചാൽ തമിഴ്നാടിനെ ആശ്രയിച്ചുള്ള ആ യാത്ര ഒഴിവാക്കാനാകും. യാത്രാ സമയവും വാഹന കൂലിയും ഏറെ ലാഭവുമാകും. ചെമ്മണാമ്പതി മലയടിവാരം മുതൽ വെള്ളക്കൽ തിട്ടുവരെ വനപാത നിർമ്മിച്ചാൽ മുപ്പതേക്കർ, ഒറവൻമ്പാടി, കച്ചിത്തോട് ,അല്ലിമൂപ്പൻ കോളനി, തേക്കടി ഊരുവാസികൾക്ക് തമിഴ്നാടിനെ ആശ്രയിക്കാതെ മുതലമടയിലെത്താൻ കഴിയും.
മരം മുറിക്കലും നിർമ്മാണവും പ്രഹസനമാകരുത്
വന പാതയ്ക്കായി 2020 ഒക്ടോബർ 2ന് തുടങ്ങിയ സമരമാണ് വനപാതയ്ക്കുള്ള അനുമതി നേടിയെടുക്കാൻ സഹായിച്ചത്. രണ്ട് വർഷം പിന്നിട്ടിട്ടും പണികൾ മന്ദഗതിയിലായിരുന്നു. ഗാന്ധിജയന്തി ദിനത്തിൽ വീണ്ടുമൊരു സമരത്തിനെ ഭയന്ന് മരം മുറി തുടങ്ങിയതാണോ എന്ന സംശയവും ഊരുവാസികൾ പ്രകടിപ്പിക്കുന്നുണ്ട്. പ്രഹസനമാക്കാതെ എത്രയും വേഗം നിലമൊരുക്കി കല്ലു പതിക്കുന്ന പണികൾ ആരംഭിക്കണമെന്നും വനപാത നിർമ്മാണം വേഗത്തിലാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
61 മരങ്ങളും ആറോളം മുളം കൂട്ടങ്ങളും മുറിച്ചു മാറ്റേണ്ടതുണ്ട്. 30,000 രൂപ പഞ്ചായത്ത് തൊഴിലാളികൾക്ക് കൂലി ഇനത്തിൽ അനുവദിക്കും.
- ബേബി സുധ, മുതലമട പഞ്ചായത്ത് പ്രസിഡന്റ്