
വടക്കഞ്ചേരി: ചുവട്ട് പാടത്ത് റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പുതിയേടത്ത് വീട്ടിൽ സാം പി. ജോണിനെയും ഭാര്യ ജോളിയെയും ആക്രമിച്ച് കെട്ടിയിട്ട് 25 പവൻ സ്വർണവും 10,000 രൂപയും കവർന്നതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചു.
തമിഴ്നാട് സ്വദേശികളായ ആറ് പേരാണ് കവർച്ചക്ക് പിന്നിലെന്നാണ് വിവരം. ഇവർ സേലത്ത് സ്ത്രീയുടെ മാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലാണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. ഇവർ സഞ്ചരിച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കവർച്ചാ സമയത്ത് വ്യാജ നമ്പറാണ് കാറിൽ പതിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കെ.എൽ 11 രജിസ്‌ട്രേഷൻ വാഹനമായിരുന്നു കവർച്ചക്ക് ഉപയോഗിച്ചിരുന്നത്. ഈ നമ്പറിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നമ്പർ വ്യാജമാണെന്ന് തെളിഞ്ഞത്. തമിഴ്നാട് സ്വദേശികളായ ഇവർ ഇവിടെ കവർച്ചയ്ക്ക് വന്ന സാഹചര്യവും ഇവർക്ക് മറ്റാരുടെയെങ്കിലും പിന്തുണയുണ്ടോ എന്നതുമുൾപ്പടെ കണ്ടെത്താനുണ്ട്. കഴിഞ്ഞ മാസം 22ന് രാത്രി 9 മണിയോടുകൂടിയാണ് കവർച്ച നടന്നത്.