
മണ്ണാർക്കാട്: നഗരസഭയിൽ ഭരണ സമിതിയെ നോക്കു കുത്തിയാക്കി സ്വന്തം സാമ്പത്തിക നേട്ടം മാത്രം മുൻനിറുത്തിയുള്ള പ്രവർത്തനങ്ങളാണ് ചെയർമാൻ നടത്തുന്നതെന്ന ആക്ഷേപവുമായി സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി.പി.എം മണ്ണാർക്കാട് ലോക്കൽ സെക്രട്ടറി കെ.പി. ജയരാജ് അദ്ധ്യക്ഷതവഹിച്ചു. സി.പി.എം മണ്ണാർക്കാട് ഏരിയാ സെന്റർ അംഗം എം. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം, പാർലിമെന്ററി പാർട്ടി ലീഡർ ടി.ആർ. സെബാസ്റ്റ്യൻ, കെ.പി. മസൂദ്, പി. വൽസല കുമാരി എന്നിവർ സംസാരിച്ചു. ലൈഫ് ഗുണഭോക്താക്കളുടെ കുടിശിക തീർത്ത് നൽകുക, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതന കുടിശിക തനത് ഫണ്ടിൽ നൽകാൻ നടപടി സ്വീകരിക്കുക, ഏജൻസികളുടെ മറവിൽ ഇഷ്ടക്കാർക്ക് കരാർ നൽകുന്ന നടപടി അവസാനിപ്പിക്കുക, ചെയർമാന്റെ ബിനാമി ഇടപാടുകളെക്കുറിച്ച് വിജിലൻസ് അന്വേഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.