straw

ഷൊർണൂർ: കനത്ത നഷ്ടത്തെ തുടർന്ന് ഒന്നാം വിളയിൽ നിന്ന് പകുതിയിലധികം നെൽക്കൃഷിക്കാർ പിന്മാറിയതോടെ വൈക്കോലിന് കടുത്ത ക്ഷാമം. ഇതോടെ വിലയും കുത്തനെ ഉയർന്നു. 250 രൂപ മുതൽ 400 രൂപയാണ് ഇപ്പോൾ ഒരുകെട്ട് വൈക്കോലിന് ഒറ്റപ്പാലം,​ ഷൊർണൂർ,​ പട്ടാമ്പി മേഖലകളിലെ വില. ഒരു കെട്ട് വൈക്കോലിന് 100 മുതൽ 200 രൂപവരെ വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാംവിളയിൽ നിന്ന് ലഭിച്ച വൈക്കോലാണ് ഇപ്പോൾ വിപണിയിലെത്തുന്നത്.

കഴിഞ്ഞവർഷം 100- 150 രൂപവരെ ഉണ്ടായിരുന്ന കെട്ടുകൾക്കാണ് ഇപ്പോൾ ഈ വില. ഒരേക്കറിൽ നിന്ന് 50 മുതൽ 60 വരെ കെട്ട് വൈക്കോലാണ് ലഭിക്കുക. കൃഷിയിലെ നഷ്ടം കുറച്ചെങ്കിലും നികത്താൻ കർഷകന്റെ ഏക ആശ്രയമാണ് വൈക്കോൽ. അതിനാൽ തന്നെ കൊയ്ത്തു കഴിഞ്ഞാലുടനെ പലരും വൈക്കോൽ വിൽപ്പന നടത്തുക പതിവാണ്. ഇവ പാടശേഖരങ്ങളിൽ നിന്ന് ഏജന്റുമാർ ശേഖരിക്കുന്നു. നേരത്തെ കൊയ്ത്തുകഴിഞ്ഞ കർഷകർക്ക് നല്ലവില ലഭിക്കും. എന്നാൽ കൊയ്ത്ത് വ്യാപകമാകുന്നതോടുകൂടി വൈക്കോൽ വില കുറയുകയും ചെയ്യും.

ക്ഷീര കർഷകർ കൂടിയായ പല നെൽക്കൃഷിക്കാരും വൈക്കോൽ ശേഖരിച്ചുവെയ്ക്കുന്നതിന് സൗകര്യമില്ലാത്തതിനാൽ വിൽക്കുകയാണ് പതിവ്. മഴക്കാലത്ത് പുല്ലിനൊപ്പം വൈക്കോലും നൽകാറുണ്ട്. ഒരു കെട്ട് വൈക്കോൽ വാങ്ങിയാൽ തന്നെ ഒരു പശുവിന് രണ്ടോ മൂന്നോ ദിവസത്തേക്കുമാത്രമേ അതുണ്ടാവൂ എന്ന് ക്ഷീര കർഷകർ പറയുന്നു.

ഉയരം കൂടിയതും കൂടുതൽ ചിനപ്പുള്ളതുമായ പൊൻമണിയുടെ വൈക്കോലിനാണ് നാട്ടിൻപുറത്ത് കൂടുതൽ ആവശ്യക്കാർ. ഇപ്പോൾ കൂടുതലായി വൈക്കോൽ എത്തുന്നത് പാലക്കാട് ഭാഗത്തു നിന്നാണെന്ന് ഏജന്റുമാർ പറയുന്നു. പാലക്കാട്ടു നിന്ന് വാണിയംകുളത്ത് എത്താൻ 2500 രൂപ ലോറിവാടക വേണം. ഒരു തൊഴിലാളിക്ക് 1200 രൂപ കൂലിയും നൽകണം. അതിനാൽ തന്നെ വില ഉയർത്താതെ പിടിച്ചുനിൽക്കാനാവില്ലെന്ന് ഏജന്റുമാർ പറയുന്നു.

വൈക്കോൽ സൂക്ഷിക്കാൻ ചെലവ് കൂടുതൽ

ഏജന്റുമാർ സംഭരിച്ച വൈക്കോലും ഇപ്പോൾ ഇരട്ടിവിലയ്ക്കാണ് വിൽപ്പന നടത്തുന്നത്. മൊത്തമായി വാങ്ങുന്ന വൈക്കോൽ മഴ ഏൽക്കാതെ സൂക്ഷിക്കണമെങ്കിൽ വലിയ ടെന്റ് കെട്ടണം. പതിനായിരങ്ങൾ ചെലവഴിച്ചാണ് പലരും വൈക്കോൽ സൂക്ഷിക്കുന്നതിന് ടെന്റുകൾ കെട്ടുന്നത്.

ഇതിനുപുറമെയാണ് പാടങ്ങളിൽനിന്നുശേഖരിച്ച് എത്തിക്കുന്നതിനുള്ള വാഹനച്ചെലവ്. വില കൂടുന്നതിനുകാരണം ഇതാണെന്ന് പറയുന്നു. സാമ്പത്തികശേഷിയുള്ള കർഷകർ വൈക്കോൽ സൂക്ഷിച്ചുവെക്കുകയും കൂടുതൽ ആവശ്യക്കാർ എത്തുന്നതോടെ വില വർദ്ധിപ്പിക്കുകയും ചെയ്യും.