train

കൊല്ലങ്കോട്: പാ​ല​ക്കാ​ട് - ​പൊ​ള്ളാ​ച്ചി റൂ​ട്ടി​നോടും കൊല്ലങ്കോട് സ്റ്റേഷനോടും റെ​യി​ൽ​വേയുടെ അ​വ​ഗ​ണ​ന തുടരുന്നു. പാ​ല​ക്കാ​ട് -​ തി​രു​ച്ചെ​ന്തൂ​ർ ട്രെ​യി​ൻ 15 മി​നി​റ്റ് നേ​ര​ത്തേ​യാ​ക്കി​യെ​ങ്കി​ലും യാത്രക്കാർക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ സ​ർ​വീസു​ക​ളെല്ലാം അ​സ​മ​യ​ത്താ​ണ്. നി​റു​ത്ത​ലാ​ക്കി​യ ട്രെ​യി​നു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ അധികൃതർ തയ്യാറായിട്ടില്ല. രാ​വി​ലെ​യും വൈ​കീട്ടും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യ സ​ർ​വീസു​ക​ൾ ന​ട​ത്താ​ത്ത​ത് ഈ റൂട്ടിനോടുള്ള കടുത്ത അവഗണനയാണെന്ന് യാ​ത്ര​ക്കാ​ർ കുറ്റപ്പെടുത്തുന്നു.

 ജനങ്ങൾക്ക് ഉപകാരമില്ലാത്ത ചെന്നൈ എക്‌സ്പ്രസ്

ജനങ്ങൾക്ക് ഉപകാരമില്ലാതെ ചെന്നൈ എക്സ്പ്രസ് വെറുതേ തെക്ക് വടക്ക് സർവീസ് നടത്തുകയാണ്. ആല​ത്തൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ലം, നെ​ന്മാ​റ, ചി​റ്റൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ലം എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ട്ട പു​തു​ന​ഗ​രം, വ​ടവ​ന്നൂ​ർ, കൊ​ല്ല​ങ്കോ​ട്, മു​ത​ല​മ​ട, മീ​നാ​ക്ഷിപു​രം സ്റ്റേ​ഷ​നു​ക​ളെ പൂർണമായും അ​വ​ഗ​ണി​ച്ച് ചെ​ന്നൈ എക്സ്പ്ര​സ് സ​ർ​വീസ് ന​ട​ത്തു​ന്ന​ത്. ഈ സർവീസ് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്നി​ല്ലെന്ന ആക്ഷേപം ശക്തമാണ്. ചെ​ന്നൈ -​ പാ​ല​ക്കാ​ട് എ​ക്സ്പ്ര​സി​ന് അ​ഞ്ച് സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റോ​പ്പി​ല്ലാ​തെ​യാ​ണ് സ​ർ​വീസ് ന​ട​ത്തു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലെ ചെ​റി​യ സ്റ്റേ​ഷ​നു​ക​ളി​ൽ ചെ​ന്നൈ - ​പാ​ല​ക്കാ​ട് പ​ഴ​നി എ​ക്‌സ്പ്ര​സി​ന് സ്റ്റോ​പ് അ​നു​വ​ദി​ച്ച റെ​യി​ൽ​വേ കൊ​ല്ല​ങ്കോ​ടി​നെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. സ​ർ​വീസു​ക​ൾ തോ​ന്നി​യ പോ​ലെ ആ​യ​തി​നാ​ൽ സീ​സ​ൺ ടി​ക്ക​റ്റ് യാ​ത്ര​ക്കാ​ർ ഇ​ല്ലാ​ത്ത റൂ​ട്ടാ​യി പാ​ല​ക്കാ​ട് -​ പൊ​ള്ളാ​ച്ചി റൂ​ട്ടു​മാ​റി. പാ​ല​ക്കാ​ട് -​ കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് -​ എ​റ​ണാ​കു​ളം റൂ​ട്ടു​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ​ തന്നെ ഉ​ൾ​പ്പെ​ട്ട പാ​ല​ക്കാ​ട് -​ പൊ​ള്ളാ​ച്ചി റൂ​ട്ടി​നെ അ​വ​ഗ​ണി​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് റെ​യി​ൽ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.

 ആവശ്യങ്ങൾ ഏറെ

പാ​ല​ക്കാ​ട്ടു​ നി​ന്ന് തി​രു​ച്ചെ​ന്തൂ​ർ സ​ർ​വീ​സാ​ണ് നി​ല​വി​ൽ സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്ക് ഗു​ണ​ക​ര​മാ​യി​ട്ടു​ള്ള​ത്. 12 ബോ​ഗി​ക​ൾ മാ​ത്ര​മു​ള്ള പാ​സ​ഞ്ച​ർ ട്രെ​യി​നി​ന് ആ​റ് ബോ​ഗി​ക​ൾ കൂ​ടു​ത​ലാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് -​ പു​ന​ലൂ​ർ - ​ചെ​ങ്കോ​ട്ട റൂ​ട്ടി​ൽ ഓ​ടു​ന്ന പാ​ല​രു​വി​യും പാ​ല​ക്കാ​ട് -​ എ​റ​ണാ​കു​ളം മെ​മു​വും പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.