
പാലക്കാട്: മഹാത്മാഗാന്ധിയുടെ 154-ാം ജന്മ ദിനത്തിൽ നന്മയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളിൽപെടുന്ന താണാവു മുതൽ ധോണി വരെ ഏഴ് കിലോ മീറ്ററോളം വരുന്ന പാതയോരവും പരിസര പ്രദേശങ്ങളും ഇരു പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് വൃത്തിയാക്കിയത്.
സോഷ്യൽ ഫോറസ്റ്ററി, ഹേമാംബിക പൊലീസ് സ്റ്റേഷൻ, ലീഡ് കോളേജ്, ഉമ്മിണി സ്‌കൂൾ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ, സന്നദ്ധ സംഘടനകളായ വ്യാപാര വ്യവസായി, സൗഹൃദ വേദി, സ്പാർക്ക്, ലെൻസ് ഫെഡ്, ഇടം മാനവിക വേദി, കെ.സി.വൈ.എം, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ, ഹരിത കർമ്മ സേന തുടങ്ങി 20 ഓളം സംഘടനകളുടെ കൂട്ടായ്മയിലൂടെ 500 ഓളം സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തിയത്.
ഡിവൈ.എസ്.പി കെ.എൽ. രാധാകൃഷ്ണൻ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. നന്മ സെക്രട്ടറി മനോജ് കെ. മൂർത്തി, ഡോ. തോമസ് ജോർജ്, മുഹമ്മദ്, മാത്യു ചെറിയാൻ, എസ്. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.