bus

പാലക്കാട്: എറണാകുളത്തു നിന്ന് വിദ്യാർത്ഥികളുമായി വിനോദയാത്ര പുറപ്പെട്ട ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിന്റെ ഭീകരതയുടെ ഞെട്ടലിലാണ് രക്ഷാപ്രവർത്തനം നടത്തിയവർ. സീറ്റുകളുടെ കുഷ്യനുകളും രണ്ട് യാത്രക്കാരും ബസിലെ ബാഗുകളും മറ്റുസാധനങ്ങളും റോഡിൽ പലയിടങ്ങളിലായി ചിതറിവീണു. റോഡിൽ കിടന്നിരുന്ന യാത്രക്കാരെയും ചിന്നിച്ചിതറിയ ശരീരഭാഗങ്ങളും വാരിക്കൂട്ടിയാണ് ആശുപത്രിയിലെത്തിച്ചതെന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട പ്രദേശവാസി ദിനേഷ് കുമാർ പറഞ്ഞു. അപകടം നടന്ന പാതയുടെ എതിർദിശയിലൂടെ പോയ വാഹനങ്ങളൊന്നും ആദ്യം നിറുത്തിയില്ല. അതുവഴി വന്ന കള്ളുവണ്ടിയിലാണ് അപകടത്തിൽപ്പെട്ട നാലുപേരെ ആദ്യം ആലത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വലിയ ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് ആലത്തൂർ, വടക്കഞ്ചേരി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ചാണ് ടൂറിസ്റ്റ് ബസ് ഉയർത്തിയത്. വാഹനത്തിനടിയിൽ ഒരു ആൺകുട്ടിയെയും സ്ത്രീയെയും കണ്ടെത്തി പുറത്തെടുത്തു. ബസിനുള്ളിൽ നിന്ന് പുറത്തെടുക്കുമ്പോൾ ഒരു പെൺകുട്ടിയുടെ മുഖം പകുതിയോളം തിരിച്ചറിയാത്തവിധം വികൃതമായിരുന്നുവെന്നും ദിനേഷ് പറഞ്ഞു. പരിക്കേറ്റ മറ്റുള്ളവരെ ഉടൻ ജില്ലാ ആശുപത്രിയിലേക്കും തൃശൂർ മെഡി. കോളേജിലേക്കും ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്കും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ചു. ചാറ്റൽമഴയെ അവഗണിച്ച് നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനമാണ് മരണസംഖ്യ കൂടാതിരിക്കാൻ സഹായിച്ചത്.