
പാലക്കാട്: മുളന്തുരുത്തി മാർ ബസേലിയസ് വിദ്യാനികേതനിൽ നിന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും വിനോദയാത്ര പുറപ്പെട്ടത് ഒന്നേമുക്കാൽ മണിക്കൂർ വൈകി. വൈകിട്ട് അഞ്ചിന് പോകേണ്ട യാത്ര ബസ് വരാൻ വൈകിയതിനാൽ 6.45 നാണ് പുറപ്പെട്ടത്.
മൂന്നുദിവസത്തെ വേളാങ്കണ്ണി യാത്ര കഴിഞ്ഞാണ് ബസും ഡ്രൈവറും ഊട്ടി യാത്രയ്ക്കെത്തിയത്. കാഴ്ചയിൽ ക്ഷീണിതനായി തോന്നിയ ഡ്രൈവറെ മാറ്റാൻ രക്ഷിതാക്കൾ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. സാരമില്ല, സൂക്ഷിച്ച് വേഗത കുറച്ചേ ഓടിക്കൂ എന്നാണ് ഡ്രൈവർ ജോമോൻ പറഞ്ഞത്. രണ്ടാമതൊരു ഡ്രൈവറും കൂടെയുണ്ടെന്നും പറഞ്ഞു. യാത്രയ്ക്കിടെ പലപ്പോഴും അമിതവേഗത സംബന്ധിച്ച് വിദ്യാർത്ഥികൾ പരാതിപ്പെട്ടെങ്കിലും ഡ്രൈവർ ചെവിക്കൊണ്ടില്ല. 97.2 കിലോ മീറ്റർ വേഗതയിലായിരുന്നു ബസ് ഓടിയിരുന്നത്. സ്പീഡ് ഗവണർ വേർപ്പെടുത്തിയിരുന്നു. ടൂറിസ്റ്റ് ബസുകൾക്ക് ദേശീയപാതയിൽ 60 - 65 കിലോമീറ്ററാണ് പരമാവധി വേഗത നിശ്ചയിച്ചിട്ടുള്ളത്.
കരിമ്പട്ടികയിലെ ബസ്
മോട്ടോർ വാഹന വകുപ്പിന്റെ കരിമ്പട്ടികയിൽപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ട ലൂമിനസ്. ലൂമിനസിനെതിരെ അഞ്ചു കേസുകൾ നിലവിലുണ്ട്. എതിരെ വരുന്ന വാഹനങ്ങൾക്ക് അലോസരമുണ്ടാക്കുന്ന രീതിയിൽ ലൈറ്റും ഹോണും പിടിപ്പിച്ചതിനുൾപ്പെടെ വിവിധ ഗതാഗത നിയമ ലംഘനത്തിനടക്കമാണ് കേസുകൾ. മേയ് മാസത്തിൽ ചാർജ് ചെയ്ത കേസുകളിൽ പിഴ അടയ്ക്കാതായതോടെയാണ് മോട്ടോർ വാഹന വകുപ്പ് കരിമ്പട്ടികയിൽപ്പെടുത്തിയത്. ബസിന്റെ ഉടമ അരുൺ കോട്ടയം പാല സ്വദേശിയാണ്.
'ഓപ്പറേഷൻ ഫോക്കസ്"വിഫലം
ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾക്ക് വിലങ്ങിടാനായി മോട്ടോർവാഹന വകുപ്പ് ആരംഭിച്ച 'ഓപ്പറേഷൻ ഫോക്കസ്" വിഫലം. കഴിഞ്ഞ ഏപ്രിൽ മൂന്നു മുതൽ 13വരെ സംസ്ഥാനത്താകെ നടത്തിയ പരിശോധനയ്ക്ക് തുടർച്ചയുണ്ടായില്ല.
രാത്രി യാത്രകളിൽ ഡിം ചെയ്യാതെ വാഹനമോടിക്കുന്നത് തടയുകയും തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റുകൾ ഘടിപ്പിക്കുകയും ഡി.ജെ സൗണ്ട് സിസ്റ്റം, ലേസർ ലൈറ്റ് സംവിധാനങ്ങൾ, എയർഹോൺ, അമിത പ്രകാശമുള്ള ഹെഡ് ലാമ്പുകൾ തുടങ്ങിയവ കണ്ടെത്തി നീക്കം ചെയ്യുകയും പിഴയടപ്പിക്കുകയുമായിരുന്നു ഓപ്പറേഷൻ ഫോക്കസ് ലക്ഷ്യമിട്ടത്.
പരിശോധനാ കാലയളവിൽ ടൂറിസ്റ്റ് ബസുകളിൽ ഇത്തരം ലൈറ്റുകളും മറ്റ് അനുബന്ധ സംവിധാനങ്ങളും നീക്കം ചെയ്തെങ്കിലും പിന്നീട് ഇവയെല്ലാം പുനഃസ്ഥാപിക്കുകയായിരുന്നു. ഇത്തരം അലങ്കാരങ്ങളുടെ പേരിൽ ടൂറിസ്റ്റ് ബസുകൾക്ക് സംസ്ഥാനത്ത് ഫാൻസ് അസോസിയേഷനുകൾ വരെ പ്രവർത്തിക്കുന്നുണ്ട്.