accident

പാലക്കാട്: 'ഏറെ സന്തോഷത്തോടെയാണ് യാത്ര ആരംഭിച്ചത്. കൂട്ടുകാരുമൊത്ത് ബസിൽ സിനിമ കാണുകയായിരുന്നു. ചിലർ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു. പൊടുന്നനെ വലിയ ശബ്ദം കേട്ടു, ബസിലിരുന്ന ഞങ്ങൾ ആടിയുലയുന്ന പോലെ തോന്നി. അടുത്ത നിമിഷം ബസ് മറിഞ്ഞു. പിന്നെ ഒന്നും ഒർമ്മയില്ല'. വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന പത്താംക്ലാസുകാരനായ അഷ്ലിൻ ഇതു പറയുമ്പോൾ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു. കണ്ണുതുറന്ന് നോക്കിയപ്പോൾ എല്ലായിടത്തും ചോര, പലരും പലരുടേയും മുകളിൽ വീണുകിടക്കുന്നു, എങ്ങും കരച്ചിൽ മാത്രം. എഴുന്നേൽക്കാൻ പ്രയാസപ്പെട്ട എന്നെ ആരോ ഒരാൾ ബസിന്റെ ചില്ല് തകർത്ത് പുറത്തെത്തിക്കുകയായിരുന്നു. വിനോദയാത്രയ്ക്കിടെ അപ്രതീക്ഷിതമായെത്തിയ ദുരന്തം വിവരിക്കുകയായിരുന്നു അഷ്ലിൻ. ടി ജെറി.

അപകടത്തിൽ മൂന്ന് ആത്മ സുഹൃത്തുക്കളെയാണ് അഷ്ലിന് നഷ്ടമായത്. കൂട്ടുകാരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്ത ജില്ലാ ആശുപത്രിയിലേക്ക് അച്ഛനൊപ്പം വന്നെങ്കിലും അവന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. മാനസികമായും അത്രമേൽ തളർന്നിരുന്നു.

യാത്ര ആരംഭിച്ചത് ബുധനാഴ്ച വൈകിട്ട് ആറേമുക്കാലോടെ

എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽനിന്ന് ബുധനാഴ്ച വൈകീട്ട് ആറേ മുക്കാലോടെയാണ് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ടതെന്ന് അഷ്ലിൻ പറയുന്നു.
യാത്രയുടെ തുടക്കം മുതൽ അദ്ധ്യാപകരെല്ലാം കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നു. മൊബൈൽ ഫോൺ ഉപയോഗം പോലും നിയന്ത്രിച്ച് കരുതലോടെയായിരുന്നു യാത്ര. അങ്കമാലിയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് എല്ലാവരും യാത്ര തുടർന്നത്. എന്നാൽ, അഞ്ചുമൂർത്തി മംഗലത്ത് വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. തങ്ങളുടെ ബസ് മുന്നിൽ പോവുകയായിരുന്ന കെ.എസ്.ആർ.ടി.സിയിലിടിക്കുകയായിരുന്നു. അപകടത്തിൽ സുഹൃത്തുക്കളായ ദിയ രാജേഷ്, ക്രിസ് വിന്റർ ബോൺ തോമസ്, എൽന ജോസ് എന്നിവരടക്കം സ്‌കൂളിലെ അഞ്ചു വിദ്യാർത്ഥികൾ മരിച്ചു. സീറ്റിന്റെ വശങ്ങളിലുള്ള ചില്ലുതകർത്തും മറ്റുമാണ് പലരെയും രക്ഷപ്പെടുത്തിയതെന്ന് അഷ്ലിൻ ഓർക്കുന്നു. കാര്യമായ പരിക്കുകളില്ലെങ്കിലും ഉറ്റ കൂട്ടുകാരില്ലാതായതിന്റെ വേദന എന്നു മാറുമെന്നറിയാതെ കഴിയുകയാണ് അഷ്ലിൻ.