
വടക്കഞ്ചേരി: അപകടത്തിന്റെ അമ്പരപ്പ് മാറാതെ പ്രജിത്ത് കുമാർ. കെ.എസ്.ആർ.ടി.സി യാത്രക്കാരാനായ ഈ 46 കാരൻ ദൈവത്തോട് നന്ദി പറയുകയാണ്. കണ്ണൂർ സ്വദേശിയായ പ്രജിത്ത് തൃശൂരിൽ നിന്നാണ് ബസ് കയറിയത്. ആലത്തൂർ എരിമയൂരിൽ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. അപകടത്തിന് ഒരു മിനിറ്റ് മുമ്പാണ് ബാക്ക് സീറ്റിൽ നിന്ന് മുമ്പിലേക്ക് മാറിയിരുന്നത്. ഇരട്ടക്കുളത്ത് നിന്നും മറ്റൊരു സുഹൃത്ത് വണ്ടിയിൽ കയറാമെന്ന് ഏറ്റിരുന്നു അതിനാലാണ് പ്രജിത്ത് മുന്നിലേക്ക് വന്നത്.
ചീറി പാഞ്ഞു വന്ന ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സിയിൽ വൻ ശബ്ദത്തിൽ ഇടിക്കുകയായിരുന്നു. ബസിൽ കരച്ചിലിന്റെ ശബ്ദം ഉയർന്നു. ഇതിനിടെ ബസിലുണ്ടായിരുന്ന പലരും റോഡിൽ തെറിച്ചുവീണു. ശരീര ഭാഗങ്ങൾ ചിന്നിച്ചിതറി. പലരും ബോധംകെട്ടു വിണു. മൂന്ന് മിനിറ്റിന് ശേഷമാണ് തനിക്ക് ഞെട്ടൽ മാറിയതെന്നും പ്രജിത്ത് പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് എന്നാൽ കഴിയാവുന്നത് ചെയ്തു. നല്ലവരായ നാട്ടുകാർക്കും പിക്കപ്പ് ജീവനക്കാർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അമിത വേഗതയിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിക്കുമ്പോഴും ബസിൽ മൂസിക്ക് സിസ്റ്റം വർക്ക് ചെയ്തിരുന്നു. തന്റെ ജീവൻ കാത്ത ദൈവത്തിന് നന്ദി പറയുകയാണ് പ്രജിത്ത്.