വടക്കഞ്ചേരി: അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് അഞ്ചുമൂർത്തി മംഗലം. പൂജാ അവധിക്കൊപ്പം ഊട്ടിയിലേക്ക് പഠനയാത്രയ്ക്ക് പോയ എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് വിദ്യാർത്ഥികളും അദ്ധ്യാപകനും മൂന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാരും ഉൾപ്പെടെ ഒമ്പതുപേരാണ് മരിച്ചത്.
അപകട വിവരമറിഞ്ഞ് പ്രദേശവാസികളെത്തി രക്ഷാപ്രവർത്തനം നടത്തിയതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. മഴയെയും അവഗണിച്ചാണ് നാട്ടുകാരും പൊലീസും ഫയർഫോഴ്സ് സംഘവും രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. പരിക്കേറ്റവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിലും നെന്മാറ, ആലത്തൂർ സ്വകാര്യആശുപത്രികളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലേക്കും എത്തിക്കാനായത് നാട്ടുകാരുടെ അവസരോജിതമായ ഇടപെടൽമൂലമാണ്.
അപകടത്തെ തുടർന്ന് വടക്കഞ്ചേരി - വാളയാർ ദേശീയപാതയിൽ ദീർഘനേരം ഗതാഗതം തടസപ്പെട്ടു. രാവിലെ മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, എം.എൽ.എമാരായ പി.പി. സുമോദ്, ഷാഫി പറമ്പിൽ എന്നിവർ സർക്കാർ നടപടികൾക്ക് വേഗം പകർന്നു.
അപകട വിവരമറിഞ്ഞ് ആലത്തൂർ, പാലക്കാട് ജില്ലാ ആശുപത്രികളിൽ നിരവധി ആളുകൾ ഒഴുകിയെത്തി. ജില്ലാ ആശുപത്രിയിൽ എത്തിച്ച നാല് മൃതദേഹങ്ങളും പോസ്റ്റ് മോർട്ടത്തിന് ശേഷം 11.45 ഓടെ ആലത്തൂർ താലൂക്ക് ആശപത്രിയിലേക്ക് കൊണ്ടുപോയി. മന്ത്രി എം.ബി. രാജേഷ് സർക്കാരിന് വേണ്ടി മൃതദേഹങ്ങളിൽ പുഷ്ചക്രം സമർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. ജില്ലാ കളക്ടറും പുഷ്പ ചക്രം സമർപ്പിച്ചു. ശേഷം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്ന അഞ്ച് മൃതദേഹങ്ങളും പോസ്റ്റ് മോർട്ടം പൂർത്തിയാക്കി അവരവരുടെ വീടുകളിൽ എത്തിച്ചു.