
പാലക്കാട്: വാളയാർ ടോൾ പ്ലാസയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ രണ്ട് ഗ്രാം ഹാഷിഷ് ഓയിലും 20 ഗ്രാം കഞ്ചാവുമായി സ്വകാര്യ എയർ ബസിലെ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു ബസ്. തൃശൂർ സ്വദേശികളായ ക്ലീനർ അജി, ഡ്രൈവർ അനന്തു എന്നിവരാണ് പിടിയിലായത്.
ഡ്രൈവ് ചെയ്യാത്ത സമയത്ത് ഉപയോഗിക്കാൻ കരുതി വച്ചതാണ് ഇതെന്നാണ് ഇവരുടെ മൊഴി. ഇന്നലെ രാവിലെ ആറോടെയായിരുന്നു പരിശോധന. ആ സമയം മറ്റൊരു ഡ്രൈവറായിരുന്നു ബസ് ഓടിച്ചിരുന്നത്. എന്നാൽ ബംഗളൂരു മുതൽ സേലംവരെ ഓടിച്ചത് അനന്തുവാണ്. ഇതിന് മുൻപായി ഇയാൾ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നു എന്നാണ് എക്‌സൈസിന്റെ നിഗമനം. പ്രതികളുടെ ലൈസൻസ് ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന് അടുത്ത ദിവസം കൈമാറുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു.