
അലനല്ലൂർ: ഏഷ്യബുക്ക് ഒഫ് റെക്കാഡും ഇന്ത്യ ബുക്ക് ഒഫ് റെക്കാഡും കരസ്ഥമാക്കി നാടിന് അഭിമാനമായി ഭീമനാട് വടശ്ശേരിപ്പുറം സ്വദേശിനി ഫാത്തിമ ഷഹാന. പൊതുസമൂഹത്തിനിടയിൽ നിലനിൽക്കുന്ന പല വിധത്തിലുള്ള പ്രശ്നങ്ങളെ എങ്ങിനെ നേരിടാം, പലർക്കും ജീവിതത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങളെ എങ്ങിനെ അതിജീവിക്കാം തുടങ്ങീ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ കഴിയുന്ന കാര്യങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
പ്ലസ് വണ്ണിനു പഠിക്കുമ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ ഒരു പേജ് ക്രിയേറ്റ് ചെയ്തത്. പതിനഞ്ചാമത്തെ വയസിൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഉള്ളടക്കം വിലയിരുത്തിയാണ് ഷഹാനക്ക് രണ്ട് റെക്കാഡുകൾ ലഭിച്ചത്.
മുഖം കാണിക്കാതെ ശബ്ദം മാത്രം റെക്കാഡ് ചെയ്താണ് ഓരോ വിഷയവും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
ഭീമനാട് വടശ്ശേരിപ്പുറം സ്വദേശിയും എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹൈസ്‌കൂളിലെ അദ്ധ്യാപകനുമായ കൊറ്റങ്ങോടൻ ഹംസ കുട്ടിയുടേയും തെയ്യാട്ടു ചിറയിലെ അലിഫ് പ്രി സ്‌കൂൾ അദ്ധ്യാപികയായ റഹ്മത്തിന്റെയും മകളാണ് ഫാത്തിമ ഷഹാന. ബി.എസ്.സി സൈക്കോളജി രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഫാത്തിമ ഷഹാന നാലാം ക്ലാസു മുതൽ കഥ, കവിത രചനയിൽ തത്പരയായിരുന്നു.
വടശ്ശേരിപ്പുറം ഇ.എം.എസ് മെമ്മോറിയൽ വായനശാലയിലെ അംഗമാണ് ഷഹാന. ഒരു മാസത്തിനുള്ളിൽ 30ൽ പരം പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. വായന തന്നെയാണ് ഇഷ്ടപെട്ട വിനോദം. ഏകദേശം 28,000 ത്തിൽ പരം ഫോളോവേഴ്സാണ് ഷഹാനക്ക് ഇൻസ്റ്റാഗ്രാമിലുള്ളത്.