school
ഉച്ചഭക്ഷണം

പാലക്കാട്: ഉച്ചഭക്ഷണത്തിന് ഫണ്ട് അനുവദിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സ്കൂളുകളിലെ പ്രധാനദ്ധ്യാപകർ അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്നു. തിരുവോണത്തിന് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരത്തിനൊരുങ്ങിയ പ്രധാനാദ്ധ്യാപകരെ വിദ്യാഭ്യാസ മന്ത്രി ചർച്ചയ്ക്ക് വിളിക്കുകയും ഫണ്ട് വർദ്ധിപ്പിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്‌തിരുന്നു. പക്ഷേ, നാളിതുവരെയായി ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അദ്ധ്യാപകർ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നത്.

സ്‌കൂൾ മേളകൾ ഉൾപ്പെടെ സർക്കാർ പരിപാടികളെല്ലാം ബഹിഷ്‌കരിക്കാനാണ് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ തീരുമാനം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും കത്ത് നൽകിയതായും ഭാരവാഹികൾ അറിയിച്ചു.

സർക്കാർ പരിപാടികളെല്ലാം ബഹിഷ്‌കരിക്കും

പാലിന്റെയും മുട്ടയുടെയും പലവ്യഞ്ജനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുതിച്ചുയർന്നെങ്കിലും 2016ൽ നിജപ്പെടുത്തിയ അതേ തുകയാണ് ഉച്ചഭക്ഷണത്തിന് സർക്കാർ ഇപ്പോഴും അനുവദിച്ചിട്ടുള്ളത്. 150 കുട്ടികളുള്ള സ്‌കൂളിൽ ഉച്ചഭക്ഷണത്തിനായി ഒരു കുട്ടിക്ക് എട്ട് രൂപയാണ് അനുവദിക്കുന്നത്.

500 കുട്ടികൾ ഉള്ളിടത്ത് ഏഴുരൂപയും ഇതിനു മുകളിൽ വിദ്യാർത്ഥികളുണ്ടെങ്കിൽ ആറുരൂപയുമാണ് അനുവദിക്കുന്നത്. ഈ തുക കൊണ്ട് സർക്കാർ പറയുന്നതുപോലെ പാലും മുട്ടയും പച്ചക്കറിയുമൊക്കെ എങ്ങനെ നൽകുമെന്നാണ് അദ്ധ്യാപകരുടെ ചോദ്യം.

പാചകവാതകത്തിന്റെയും ഭക്ഷണസാധനങ്ങളുടെയും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന അദ്ധ്യാപകർ കൈയിൽ നിന്ന് തുകയെടുത്ത് മുട്ടയും പാലും കൂടി നൽകേണ്ട അവസ്ഥയാണിപ്പോൾ. പദ്ധതി നടത്തിപ്പ് ചുമതല സാമൂഹിക ക്ഷേമ വകുപ്പിനെയോ മറ്റോ ഏൽപ്പിക്കുകയോ അതല്ലെങ്കിൽ തുക കൂട്ടി നൽകുകയോ ചെയ്യണമെന്നാണ് പ്രധാനാദ്ധ്യാപകരുടെ ആവശ്യം. ഇനി സ്‌കൂൾ മേളകളുടെ കാലമാണ്. അതിനും ഓടി നടക്കേണ്ടത് പ്രധാനദ്ധ്യാപകർ തന്നെ. വിഷയത്തിൽ തീരുമാനമാകുന്നില്ലെങ്കിൽ സർക്കാർ പരിപാടികളെല്ലാം ബഹിഷ്‌കരിക്കാനാണ് എയ്ഡഡ് മേഖലയിലെ ഹെഡ്മാസ്റ്റർമാരുടെ സംഘടനയായ കെ.പി.പി.എച്ച്.എയുടെ തീരുമാനം.

പദ്ധതിഭാരം ചുമന്ന് പ്രധാനദ്ധ്യാപകർ

 1995 ലാണ് കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്തെ 12,200 ൽപരം സ്‌കൂളുകളിലെ 29 ലക്ഷത്തിലധികം കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമാണ്.

 പ്രധാനദ്ധ്യാപകരും പാചകത്തൊഴിലാളിയും വിദ്യാർത്ഥി പ്രതിനിധിയും ചുമതലക്കാരായ അദ്ധ്യാപകരും ഉൾപ്പെടുന്ന ഉച്ചഭക്ഷണ സമിതിയാണ് മേൽനോട്ടം വഹിക്കുന്നതെങ്കിലും സാമ്പത്തിക ബാധ്യത ചുമക്കേണ്ടത് ഹെഡ്മാസ്റ്റർമാർ തന്നെയാണ്.

 ഉച്ചഭക്ഷണ പദ്ധതിക്കായി 60 ശതമാനം തുക കേന്ദ്രസർക്കാറും 40 ശതമാനം സംസ്ഥാന സർക്കാറുമാണ് ചെലവഴിക്കുന്നത്. ഇതിനുപുറമെ സംസ്ഥാന സർക്കാറിന്റെ സമഗ്ര പോഷകാഹാര പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ രണ്ടുതവണ 300 മില്ലീ ലിറ്റർ പാലും ഒരു കോഴിമുട്ടയും നൽകാൻ തീരുമാനമായി. എന്നാൽ, ഇതിനുവേണ്ടി സംസ്ഥാന സർക്കാർ പ്രത്യേക തുക വകയിരുത്തിയതുമില്ല.