
 മൂന്ന് ക്വാറികളിലെ പാറപൊട്ടിച്ചെടുത്തതിന്റെ വിസ്തീർണം കണക്കാക്കി 24 ലക്ഷം പിഴ ചുമത്തും
കൊല്ലങ്കോട്: മുതലമട നിളിപ്പാറ ഊർക്കുളംകാട്ടിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളിൽ ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി വിഭാഗം പരിശോധന നടത്തി. 41 മീറ്റർ നീളവും 15 മീറ്റർ വീതി 6 മീറ്റർ ഉയരത്തിൽ എന്നിങ്ങനെയാണ് ഊർക്കുളം കാട്ടിലെ ഒരു ക്വാറിയിൽ പാറ പൊട്ടിച്ചെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ പാറ പൊട്ടിച്ചെടുത്തതിന് മൂന്നിരട്ടി ചുമത്തിയാണ് പിഴ കണക്കാക്കുന്നത്. ഇന്നലെ പരിശോധന പൂർത്തിയാക്കിയ ക്വാറികളിൽ 24 ലക്ഷം രൂപ പിഴ ചുമത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ശാന്തി മഠത്തിന്റെ ഉടമസ്ഥതയിലുള്ളതെന്ന് പറയപ്പെടുന്ന സ്ഥലത്താണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്നും പറയുന്നു. പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് വിജിലൻസിന് കൈമാറും.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ജില്ലാ ഓഫീസർ എം.വി. വിനോദ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ടി. സുബേഷ്, മിനറൽ റവന്യൂ ഇൻസ്‌പെക്ടർ കെ. സജീവ് ബാബു, മുതലമട ഒന്ന് വില്ലേജ് ഓഫീസർ കെ. ദേവദാസ് സ്‌പെഷൽ വില്ലേജ് ഓഫീസർ സി. ദേവദാസൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
രാവിലെ സ്റ്റോപ്പ് മെമ്മോ നൽകും രാത്രി പാറപൊട്ടിക്കും
മുതലമടയിൽ 16 ഓളം അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നതായും ഇവർക്കെല്ലാം സ്റ്റോപ്പ് മെമ്മോ നൽകിയതായും വില്ലേജ് ഓഫീസർ പറയുന്നു. പക്ഷേ, ഇപ്പോഴും ഇവിടെ പാറപൊട്ടിക്കൽ തുടരുന്നുണ്ട്. രാവിലെ സ്റ്റോപ്പ് മെമ്മോ നൽകിയാൽ രാത്രി പാറപൊട്ടിക്കുന്ന സ്ഥിതിയുണ്ട്.
ഊർക്കുളം കാട്ടിലെ ക്വാറികൾ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലം ഉടമസ്ഥാവകാശ തർക്കത്തിലുള്ള വസ്തുവാണ്. അവകാശ തർക്കം നിലനിൽക്കുന്നതിനാൽ ഭൂമിയുടെ ഉടമ ഉടമസ്ഥാവകാശവും തെളിയിക്കണം. അല്ലാത്തപക്ഷം ചിറ്റൂർ ലാൻഡ് സർവ്വേ വിഭാഗം സ്ഥലം അളന്ന് തിട്ടപ്പെടുത്തി ഭൂമി സർക്കാരിലേക്ക് ഏറ്റെടുക്കണം.