
പാലക്കാട്: ഗോപി മിനിയുടെ ഹൈക്കു കവിതാ സമാഹാരമായ 'മേൽവിലാസം' നടൻ ആസിഫ് അലി പ്രകാശനം ചെയ്തു. ഇരുപത്തിരണ്ടുകാരനായ ഗോപി മിനി പാലക്കാട് ധോണി ലീഡ് കോളേജിലെ ഒന്നാം വർഷ എം.ബി.എ വിദ്യാർത്ഥിയാണ്. ചെറുപ്പ കാലം മുതലേ വായനയോട് പ്രണയം തോന്നിയ ഗോപിക്ക് പൂർണ പിന്തുണ നൽകിയത് അച്ഛൻ കൃഷ്ണനാണ്. അമ്മ മിനി മലയാളം അദ്ധ്യാപികയാണ്. കണ്ണൂരിലെ പെരുവമ്പ സ്വദേശിയായ ഗോപികൃഷ്ണൻ ഹയർസെക്കൻഡറി കാലഘട്ടം മുതൽക്കാണ് എഴുതാൻ ആരംഭിച്ചത്. പ്രണയവും വിരഹവും സൗഹൃദവുമൊക്കെയായിരുന്നു കവിതയുടെ മുഖ്യ വിഷയങ്ങൾ. മാഗസിനിലുകളിലും നാട്ടിലെ വായനശാലാ മാഗസിനും വേണ്ടി നിരവധി കവിതകൾ എഴുതുമായിരുന്നു. രണ്ടു വർഷമായി എഴുതി വന്ന ചെറു കവിതകളാണ് പുസ്തകമായി മാറിയിരിക്കുന്നത്. ആൽബം ഗാനമാണ് ഗോപിയുടെ അടുത്ത ലക്ഷ്യം. വരികൾ പൂർത്തിയായി കഴിഞ്ഞു. ഇനി നല്ലൊരു സംവിധായകനുള്ള തിരച്ചിലിലാണ് ഗോപി.