 
കേരളശ്ശേരി: കൊമ്പ് വാദ്യ കലാകാരൻ കേരളശ്ശേരി മണികണ്ഠനെ ജന്മനാട് ആദരിക്കുന്നു. ഷഷ്ഠി പൂർത്തി ആഘോഷം ഉത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ് പൂര പ്രേമികളും അദ്ദേഹത്തിന്റെ സുഹൃത്തുകളും ശിഷ്യ ഗണങ്ങളും. 16ന് വടശ്ശേരി സൗപർണ്ണിക ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
മട്ടന്നൂർ ശങ്കരൻകുട്ടി, പെരുവനം കുട്ടൻ മാരാർ, കല്ലൂർ രാമൻകുട്ടി മാരാർ, കല്ലൂർ നാരായണൻ കുട്ടി, കല്ലേകുളങ്ങര അച്ചുതൻകുട്ടി മാരാർ, കോങ്ങാട് മധു, ശുകപുരം രാധാകൃഷ്ണൻ, അന്തിക്കാട് പദ്മനാഭൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ചടങ്ങിൽ അഡ്വ.കെ ശാന്തകുമാരി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുത്തച്ഛൻ ചാത്തർ നായരോടൊപ്പം ശ്രുതി കുഴൽ വായിച്ചു കലാ ജീവിതം ആരംഭിച്ച മണികണ്ഠൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കല്ലൂർ നാരായൺ കുട്ടി ആശാന്റെ കീഴിൽ ചെണ്ടയും 14-ാം വയസിൽ പുലാപ്പറ്റ രാമ മാരാരുടെ കീഴിൽ തിമിലയും അഭ്യസിച്ചു. അച്ഛൻ കോഴിശ്ശേരി രാമൻകുട്ടി നായർ, മുത്തച്ഛൻ ചാത്തരു നായർ, ചെറിയച്ഛൻ ബാലസുബ്രഹ്മണ്യൻ എന്നിവരിൽ നിന്നും കുറും കുഴൽ, കൊമ്പ് എന്നിവയും അഭ്യസിച്ചു.