
മണ്ണാർക്കാട്: വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിന് സ്‌കൂളിലേക്ക് നൽകിയ അരി കരിഞ്ചന്തയിൽ മറിച്ചു വിറ്റതായി കണ്ടെത്തി. കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന് പ്രദേശത്തെ സ്‌കൂളിലേക്കുള്ള അരിയാണ് അനധികൃതമായി കടത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് മണ്ണാർക്കാട് എസ്.ഐ എം. സുനിലിന്റെ നേതൃത്വത്തിൽ അഭിലാഷ്, ജയകൃഷ്ണൻ, ഷഫീഖ്, ദാമോധരൻ, നസീം, സുധീഷ് കുമാർ, പ്രസാദ്, രമേഷ്, ബിന്ദു എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് തട്ടിപ്പ് പിടികൂടിയത്.
തിരുവിഴാംകുന്ന് സ്‌കൂളിലേക്കുള്ള ഉച്ചക്കഞ്ഞി വിതരണത്തിനായി നൽകിയ 30 ചാക്ക് അരിയാണ് കുമരംപുത്തൂരിലെ പി.കെ. സ്റ്റോർ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്ന് കണ്ടെടുത്തത്. മുമ്പും ഇത്തരം കടത്തൽ നടത്തിയിട്ടുണ്ടെന്ന് അരി കടത്തിയ വാഹനത്തിന്റെ ഡ്രൈവർ ഷഫീജ് സമ്മതിച്ചു. സ്‌കൂളുകളിൽ നിന്ന് മാത്രമല്ല റേഷൻ കടകളിൽ നിന്നും ഇത്തരത്തിൽ അരി നൽകുന്നതായി ഡ്രൈവർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. വിവരമറിഞ്ഞ് റേഷനിംഗ് ഇൻസ്‌പെക്ടർ മുജീബ്, സപ്ലൈ ഓഫീസർ ഷാജഹാൻ തയ്യിൽ എന്നിവരും സ്ഥലത്തെത്തി. ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ ഗോഡൗണിൽ നിന്നാണ് സ്‌കൂളുകളിലേക്കുള്ള അരി സപ്ലൈകോ വഴി എത്തിക്കുന്നത്. അരി കടത്തിയ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
 അരി മറിച്ചു വിൽക്കൽ സ്ഥിരം സംഭവം
സ്‌കൂളുകൾ, റേഷൻ കടകൾ എന്നിവിടങ്ങൾ വഴി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും നൽകേണ്ട അരി കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്. വളരെ കുറഞ്ഞ തുകയ്ക്ക് ലഭിക്കുന്ന അരി വലിയ ലാഭത്തിനാണ് ചിലർ സ്വകാര്യ സ്ഥാപനങ്ങൾക്ക് മറിച്ചു വിൽക്കുന്നത്. കരിഞ്ചന്ത വിൽപ്പനയുടെ വിഹിതം ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്കും ലഭിക്കുന്നുണ്ട്.