 
പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആറുദിവസമായി ജില്ലയിൽ നടത്തിയ പരിശോധനയിൽ 20 ബസുകൾക്ക് ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തി നടപടിയെടുത്തു. ഇതിൽ 16 ടൂറിസ്റ്റ് ബസും രണ്ട് വീതം കെ.എസ്.ആർ.ടി, സ്വകാര്യ ബസും ഉൾപ്പെടും. ഇതുവരെ നാലു ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കിയിട്ടുണ്ട്. മറ്റുള്ളവയ്ക്ക് നോട്ടീസും നൽകിയതായി പാലക്കാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എം.കെ. ജയേഷ് അറിയിച്ചു.
ഇന്നലെ നടത്തിയ പരിശോധനയിൽ 14 ബസുകൾ വേഗപ്പൂട്ടിൽ കൃത്രിമം നടത്തിയതായി കണ്ടെത്തി. ചട്ടം ലംഘിച്ച് ലൈറ്റും ശബ്ദ സംവിധാനങ്ങളും ഘടിപ്പിച്ചതിന് 109 കേസുകളാണ് ബുധനാഴ്ച മാത്രം രജിസ്റ്റർ ചെയ്തത്. എയർ ഹോൺ ഉപയോഗിച്ചതിന് 19 കേസുകളും ചാർജ് ചെയ്തിട്ടുണ്ട്. ആകെ 144 കേസുകളിലായി 2,66,000 രൂപ പിഴയിട്ടതായി അധികൃതർ അറിയിച്ചു. കൂടാതെ ദേശീയ പാതയിൽ ഇരുചക്രവാഹനങ്ങളിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ നാലുപേർക്കെതിരെയും നടപടിയെടുത്തു.