
ചെർപ്പുളശ്ശേരി: പി.എം.എ.വൈ ഭവന നിർമ്മാണ പദ്ധതി അട്ടിമറിച്ച ചെർപ്പുളശ്ശേരി നഗരസഭാ ഭരണ സമിതിക്കെതിരെ ഭവന നിർമ്മാണ ലിസ്റ്റിലുൾപ്പെട്ട വരെ സംഘടിപ്പിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ 20ന് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ഭവന നിർമ്മാണത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട 289 പേരുടെ ഭവനമെന്ന സ്വപ്നത്തിന്റെ കടയ്ക്കൽ കത്തി വെയ്ക്കുന്ന നടപടിയാണ് സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി സ്വീകരിച്ചിരിക്കുന്നതെന്നും ഇതിനെതിരെയാണ് പ്രത്യക്ഷ സമരത്തിന് നേതൃത്വം കൊടുക്കാൻ തീരുമാനിച്ചതെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം അറിയിച്ചു.
മണ്ഡലം പ്രസിഡന്റ് എം. അബ്ദുൾ റഷീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പ്രസിഡന്റ് പി.പി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ടി. ഹരിശങ്കരൻ, കെ.എം. ഇസ്ഹാക്ക്, എം. ഗോവിന്ദൻ കുട്ടി, വി.ജി. ദീപേഷ്, പി. സുബീഷ്, ശ്രീലജ വാഴക്കുന്നത്ത്, വിനോദ് കളത്തൊടി തുടങ്ങിയവർ പ്രസംഗിച്ചു.