
അലനല്ലൂർ: വട്ടമണ്ണപ്പുറം ആശുപത്രിപ്പടിയിലെ മുൻ മരം ലോഡിംഗ് തൊഴിലാളിയായ പോത്തുകാടൻ സൈതാലി - ആമിന ദമ്പതികളുടെ നാലാമത്തെ മകന്റെ ഭാര്യ സി.എം. ബാസിമയ്ക്കു കൂടി അദ്ധ്യാപികയായി ഇന്നലെ നിയമനം ലഭിച്ചതോടെ വീട്ടിലെ അഞ്ച് മക്കളും അഞ്ച് മരുമക്കളുമടക്കം പത്ത് പേർക്കും സർക്കാർ ജോലിയായി. ഇതാദ്യമായാണ് പ്രദേശത്തെ ഒരു വീട്ടിൽ നിന്നും ഇത്രയും പേർ പി.എസ്.എസി വഴി സർക്കാർ സർവീസിൽ പ്രവേശിക്കുന്നത്.
അബ്ദുറഹിമാൻ, അബ്ദുസ്സലാം, എ. സീനത്ത് എന്നിവർ 2001ൽ ഒരേ പി.എസ്.എസി ലിസ്റ്റിൽ നിന്നും ലോവർ ഡിവിഷൻ ക്ലാർക്കുമാരായി ജോലിയിൽ പ്രവേശിച്ചിരുന്നു. 2009ൽ മകൻ ഷംസുദ്ദീൻ, മരുമക്കളായ ഷംന, ഷഫ്ന എന്നിവരും പി.എസ്.സി വഴി സർവീസിൽ കയറി. സൈതാലിയുടെ മൂത്ത മകൻ മുഹമ്മദാലി മുപ്പത് വർഷം മുമ്പ് വിൽപ്പന നികുതി വകുപ്പിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ ജി.എസ്.ടി വകുപ്പിൽ ഡെപ്യൂട്ടി കമ്മീഷണറായി മലപ്പുറത്ത് ജോലി ചെയ്യുന്നു. ഭാര്യ എ. സീനത്ത് എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹൈസ്‌കൂൾ അദ്ധ്യാപികയാണ്.
രണ്ടാമത്തെ മകൻ അബ്ദുറഹിമാൻ റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി തഹസിൽദാരായി മണ്ണാർക്കാട് താലൂക്ക് ഓഫീസിലും ഭാര്യ ടി. ഷഫ്ന അലനല്ലൂർ പഞ്ചായത്ത് ഓഫീസിൽ സീനിയർ ക്ലാർക്കായും ജോലി ചെയ്യുന്നു. മൂന്നാമത്തെ മകൻ അബ്ദുസ്സലാം എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹൈസ്‌കൂളിൽ അദ്ധ്യാപകനാണ്. ഭാര്യ ടി. ഷംന അലനല്ലൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.സി വിഭാഗത്തിൽ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ് ആണ്. നാലാമത്തെ മകൻ ഷംസുദ്ദീൻ പാലക്കാട് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ സീനിയർ ക്ലാർക്കാണ്. ഷംസുദ്ദീന്റെ ഭാര്യ സി.എം. ബാസിമയ്ക്കാണ് ഇപ്പോൾ ഭീമനാട് ഗവ.യു.പി സ്‌കൂളിൽ അദ്ധ്യാപികയായി ജോലി ലഭിച്ചത്. അഞ്ചാമത്തെ മകൻ ഷാജഹാൻ പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. ഭാര്യ ഇ. ഷബ്ന മലപ്പുറം ജില്ലയിലെ മാമ്പുഴ ജി.എൽ.പി സ്‌കൂൾ അദ്ധ്യാപികയാണ്.
പഠനമികവിൽ
പത്ത് പേരും ബിരുദം നേടിയവരും നാല് പേർ ബിരുദാനന്തര ബിരുദവുമുള്ളവരാണ്. മൂന്ന് പേർ ബി.എഡും അഞ്ച് പേർ ടി.ടി.സി കോഴ്സും പാസായിട്ടുണ്ട്. രണ്ട് പേർക്ക് ഐ.ടി.ഐ സർട്ടിഫിക്കറ്റുമുണ്ട്. മുഹമ്മദാലിക്ക് അഴിമതി രഹിത വാളയാർ മിഷനിൽ സംസ്ഥാനത്തെ മികച്ച ഇൻസ്‌പെക്ടർ അവാർഡും അബ്ദുറഹിമാന് 2016ൽ സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർക്കുള്ള ബഹുമതിയും 2003ൽ പാലക്കാട് ജില്ലാ കളക്ടറിൽ നിന്നും മികച്ച സേവനത്തിന് ഗുഡ് സർവീസ് എൻട്രിയും ലഭിച്ചിട്ടുണ്ട്.