duck
വടക്കഞ്ചേരി മേഖലയിലെ നെൽപ്പാടങ്ങളിൽ എത്തിയ താറാവിൻ കൂട്ടങ്ങൾ.

വടക്കഞ്ചേരി: ഒന്നാം വിള കൊയ്‌തൊഴിഞ്ഞ നെൽപ്പാടങ്ങളിൽ താറാവിൽ കൂട്ടങ്ങളെത്തി. തമിഴ്നാട്ടിലെ ധാരാപുരം, ദിണ്ടുകൽ ഭാഗങ്ങളിൽ നിന്നുള്ള തമിഴ് താറാവ് കർഷകരാണ് താറാവിൻ പറ്റങ്ങളുമായി വടക്കഞ്ചേരി, ആലത്തൂർ, കിഴക്കഞ്ചേരി, നെന്മാറ, അയിലൂർ പ്രദേശങ്ങളിലെ വെള്ളമുള്ള നെൽപ്പാടങ്ങളിൽ താറാവുകളെ തീറ്റിക്കാനായി എത്തിയിട്ടുള്ളത്.

കുടുംബസമേതം എത്തിയ താറാവ് കർഷകർ നെൽപ്പാടങ്ങളുടെ വരമ്പുകളിൽ തന്നെ ആഹാരം പാകം ചെയ്ത് ഭക്ഷണം കഴിക്കുകയാണ് ചെയ്യാറുള്ളത്. എല്ലാവർഷവും തുടർച്ചയായി സീസണുകളിൽ ലോറികളിൽ കൊണ്ടുവരുന്ന താറാവ് കൂട്ടങ്ങളെ നിശ്ചിത സ്ഥലങ്ങളിൽ ഇറക്കുകയും രണ്ടുമൂന്നു ആഴ്ചകൾ കഴിയുമ്പോൾ പുതിയ സ്ഥലങ്ങളിലേക്ക് കയറ്റിക്കൊണ്ടുപോകുകയും ചെയ്യും. ഇതിനായി സ്ഥിരമായി പ്രത്യേക സംവിധാനത്തിൽ തട്ടുകളോടെ കൂടുകൾ ഒരുക്കിയ വാഹനങ്ങളുമുണ്ട്.

വിപണി കണ്ടെത്തും

ലഭിക്കുന്ന മുട്ടകൾ പ്രാദേശിക വിപണിയിൽ നൽകും. ഏജന്റുമാർ ആഴ്ചയിൽ ഒരു ദിവസം നിശ്ചിത സ്ഥലത്ത് വാഹനവുമായി വന്ന് മുട്ട ശേഖരിക്കുകയും ചെയ്യുന്നുണ്ട്. രണ്ടാം വിള നടീൽ ആരംഭിക്കുന്നതു വരെ വെള്ളമുള്ള വിവിധ പാട ശേഖരങ്ങളിൽ ഇവരുടെ സാന്നിധ്യം സജീവമാകും. താറാവുകളെ തീറ്റാൻ അനുവദിക്കുന്നതിന് നിശ്ചിത അളവിലുള്ള നെൽപ്പാടത്തിന് നിശ്ചിത എണ്ണം മുട്ടകളാണ് പ്രതിഫലമായി ഉടമകൾക്ക് നൽകുന്നത്.