
മണ്ണാർക്കാട്: എസ്.സി കോളനികളെ പ്രകാശിതമാക്കി 'ഗ്രാമവെളിച്ചം' പദ്ധതി ശ്രദ്ധേയമാകുന്നു. ജില്ലാപഞ്ചായത്ത് തെങ്കര ഡിവിഷനിലാണ് വിവിധ എസ്.സി കോളനികളിൽ നിലാവ് പരത്തുന്ന 'ഗ്രാമ വെളിച്ചം' പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഓരോ ഡിവിഷനിലേക്കും അനുവദിച്ച തുക ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ എസ്.സി കോളനികളെ പ്രകാശിതമാക്കുന്ന പദ്ധതിയാക്കി മാറ്റുകയായിരുന്നു.
കോട്ടോപ്പാടം പഞ്ചായത്ത് എട്ടാം വാർഡിലെ കളത്തിൽത്തൊടി കോളനിയിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. വിനീത അദ്ധ്യക്ഷത വഹിച്ചു. കല്ലടി അബൂബക്കർ, എ. അസൈനാർ, അസീസ് കോട്ടോപ്പാടം പ്രസംഗിച്ചു.
തെങ്കര പഞ്ചായത്ത് പതിനേഴാം വാർഡിലെ മാസപ്പറമ്പ് കോളനിയിലെ ഗ്രാമവെളിച്ചം സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ നിർവഹിച്ചു. വാർഡ് മെമ്പർ സി.പി മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു. തച്ചനാട്ടുകര പഞ്ചായത്ത് എഴാം വാർഡിലെ അത്തിപ്പറ്റ കോളനിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് ബീന മുരളി അദ്ധ്യക്ഷത വഹിച്ചു. വളവഞ്ചിറ കോളനിയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പാറയിൽ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ചേരിയിൽ കോളനിയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ കിളയിൽ ഹംസ അദ്ധ്യക്ഷത വഹിച്ചു.
ആഘോഷമാക്കി നിവാസികൾ
വെളിച്ചം നൽകുന്ന പദ്ധതിയെ നിറഞ്ഞ മനസോടെയാണ് കോളനിവാസികൾ സ്വീകരിക്കുന്നത്. പായസം വിളമ്പിയും പടക്കം പൊട്ടിച്ചുമൊക്കെ ഗ്രാമ വെളിച്ചം ഉദ്ഘാടന ചടങ്ങിനെ ആഘോഷമാക്കുകയും ചെയ്യുന്നു.